ഇപ്പോഴത്തെ കാലാവസ്ഥയിൽ ജലദോഷം, ചുമ, പനി തുടങ്ങിയ അസുഖങ്ങൾ വളരെ എളുപ്പത്തിൽ പടരുന്നു. പ്രതിരോധശേഷി കുറവുള്ളവരെയാണ് ഇവ കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി നിലനിർത്തുന്നത് ഇന്ന് വളരെ പ്രധാനമാണ്.ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ ചെറുക്കാൻ വിറ്റാമിനുകൾ സഹായിക്കും. നെല്ലിക്ക സർബത്ത് അടങ്ങിയ ഭക്ഷണങ്ങളും ജ്യൂസുകളും പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. അത്തരത്തിൽ ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു പാനീയമാണ് നെല്ലിക്ക സർബത്ത്.കാഴ്ചയിൽ ചെറുതാണെങ്കിലും നെല്ലിക്ക വിറ്റാമിൻ Cയും ആന്റി-ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ഒന്നാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കും.
ചേരുവകൾ
നെല്ലിക്ക – ആവശ്യത്തിന്
കല്ലുപ്പ് – 1 ടേബിൾസ്പൂൺ
നാരങ്ങ – 1 എണ്ണം
ഇഞ്ചി – ആവശ്യത്തിന്
പഞ്ചസാരപ്പൊടി – ആവശ്യത്തിന്
ഐസ് ക്യൂബ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കുക. ശേഷം വിത്ത് നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് നെല്ലിക്ക ചേർക്കുക. അതിലേക്ക് കല്ലുപ്പ്, നാരങ്ങാനീര്, ചെറിയ കഷണങ്ങളാക്കിയ ഇഞ്ചി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു അരിപ്പയോ കോട്ടൺ തുണിയോ ഉപയോഗിച്ച് അരിച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസിൽ ആവശ്യത്തിന് ഐസ് ക്യൂബുകൾ ഇടുക. അതിലേക്ക് അല്പം പൊടിച്ച പഞ്ചസാര ചേർക്കുക. ശേഷം തയ്യാറാക്കി വച്ച നെല്ലിക്ക ജ്യൂസ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.രുചികരവും ആരോഗ്യകരവുമായ നെല്ലിക്ക സർബത്ത് തയ്യാർ. ദിവസവും ഒരു ഗ്ലാസ് കുടിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
നിർദേശം
നെല്ലിക്ക സർബത്ത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കുടിക്കുന്നത് അസിഡിറ്റിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കാരണമാക്കുന്നു . അതുകൊണ്ട് ഭക്ഷണശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധന്റെ നിർദേശം തേടുന്നത് നല്ലതാണ്.


0 Comments