‘തെരഞ്ഞെടുപ്പ് തിരക്കിൽ’; സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് വിജയ്


കരൂർ കേസിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ന്യൂഡൽഹിയിൽ ചോദ്യം ചെയ്യലിന് എത്താനാണ് അറിയിച്ചിരുന്നത്. എന്നാൽ അത് ചെന്നൈയിലാക്കണമെന്നും വിജയ് ആവശ്യം അറിയിച്ചിട്ടുണ്ട്. ഇതിപ്പോൾ മൂന്നാം തവണയാണ് വിജയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്നാണ് വിജയ് സിബിഐയെ അറിയിച്ചത്. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ മത്സര രംഗത്ത് ഇറങ്ങുന്നത് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. വിജയ്‌യെ എൻഡിഎ സഖ്യത്തിലേക്ക് ചേരാൻ ഇവർ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ഇതിനിടെ ആണ് കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലും. സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ മരിച്ചത്. ഏഴുമണിക്കൂറോളം വൈകിയാണ് അന്ന് പരിപാടിയ്ക്കായി വിജയ് എത്തിയത്. ഈ സമയം അത്രയും ആളുകൾ കാത്തിരിക്കുകയായിരുന്നു. വിജയ് സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ പലരും തളർന്നു വീണിരുന്നു. എന്നാൽ ഇതിനിടയിലും വിജയ് തന്റെ പ്രസംഗം തുടർന്നു. വലിയ അപകടം ഉണ്ടായിട്ടും താരം തിരികെ ചെന്നൈയിലേക്ക് പോയത് ഉൾപ്പെടെ സിബിഐ അന്വേഷിക്കുന്നുണ്ട്.



Post a Comment

Previous Post Next Post

AD01