2.5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ചാറ്റ് ജി.പി.ടി ബഹിഷ്‌കരിച്ചു; കാരണമിതാണ്


അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എ.ഐ (OpenAI) കരാറിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ചാറ്റ് ജി.പി.ടി ബഹിഷ്കരിക്കുന്നു. പ്രതിരോധ വകുപ്പിന്റെ രഹസ്യ ശൃംഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന കരാർ പുറത്തുവന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഏകദേശം 25 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ആപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയിൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ 295 ശതമാനം വർധനവുണ്ടായതായാണ് റിപ്പോർട്ട്. ചാറ്റ് ജി.പി.ടിയെ പിന്നിലാക്കി ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ആന്ത്രോപിക് കമ്പനിയുടെ ‘ക്ലോഡ്’ (Claude) എന്ന ചാറ്റ്ബോട്ട് ഒന്നാം സ്ഥാനത്തെത്തി. നേരത്തെ പെന്റഗൺ കരാർ ആന്ത്രോപിക്കിനെയാണ് സമീപിച്ചിരുന്നത്. എന്നാൽ തങ്ങളുടെ സാങ്കേതികവിദ്യ ആഭ്യന്തര നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവർ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പൺ എ.ഐ ഈ കരാർ ഏറ്റെടുത്തത്. സൈനിക ആവശ്യങ്ങൾക്കോ യുദ്ധങ്ങൾക്കോ വേണ്ടി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഓപ്പൺ എ.ഐ നേരത്തെ കർശനമായി നിരോധിച്ചിരുന്നു. എന്നാൽ പെന്റഗൺ കരാറിന് മുന്നോടിയായി ഈ ‘സൈനിക നിരോധനം’ കമ്പനി നിശബ്ദമായി എടുത്തുമാറ്റിയത് ഉപയോക്താക്കളെ ചൊടിപ്പിച്ചു. ഇതിനെതിരെ ‘ക്വിറ്റ് ചാറ്റ് ജി.പി.ടി’ (Quit ChatGPT) എന്ന പേരിൽ വെബ്‌സൈറ്റുകൾ വഴി സംഘടിത കാമ്പയിനുകൾ നടക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. ആശയവിനിമയത്തിൽ പിഴവ് സംഭവിച്ചുവെന്നും ഇതൊരു ‘അവസരവാദപരമായ’ നീക്കമായി കാണപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. തിരിച്ചടി ഭയന്ന് എൻ.എസ്.എ (NSA) പോലുള്ള ഏജൻസികൾക്ക് വേണ്ടിയുള്ള വൻതോതിലുള്ള നിരീക്ഷണ പ്രവർത്തനങ്ങൾക്ക് സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.



Post a Comment

Previous Post Next Post

AD01