എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു


എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്. 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു. കഴിഞ്ഞദിവസം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞിരുന്നു. ജപ്തി ഭീഷണി നേരിടുന്ന എം.കെ മുനീറിന് വീട് നഷ്ടമാവില്ല. പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു. ”പാര്‍ട്ടി നേതാക്കള്‍ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിട്ടുണ്ട്. ഇതുവരെ അവരോട് ഞാന്‍ ഒന്നും പറഞ്ഞില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് പറയാതിരുന്നതാണ്. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്. എംഎല്‍എ എന്ന നിലയ്ക്കും മന്ത്രി എന്ന നിലയ്ക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. എന്റെ പിതാവിന് ശേഷം എന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണ്” മുനീര്‍ പറഞ്ഞു. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചു. നിലവില്‍ വായ്പ അടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ട്. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വായ്പ കുടിശ്ശിക 49 ലക്ഷമായി കുറച്ചു.



Post a Comment

Previous Post Next Post

AD01