കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രം വിളിച്ചുചേർത്ത യോഗത്തിൽ ലേബർ കോഡിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ലേബർ കോഡിൽ മിനിമം വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലേബർ കോഡുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ലേബർ കോഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഈ വിഷയത്തിൽ പഠനം നടത്തി ഭേദഗതികൾ നിർദ്ദേശിക്കാൻ സർക്കാർ ജസ്റ്റിസ് ഗോപാൽ ഗൗഡയെ ചുമതലപ്പെടുത്തിയിരുന്നു. സമിതി അതിന്റെ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ തന്നെ നാല് ഭാഗങ്ങളായി സമർപ്പിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നും ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് കരട് ബില്ലുകൾ വേണമെന്നും സമിതി റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. കോൺക്ലേവിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഴ്‌സുമാരുടെ മിനിമം വേതനവും ലേബർ കോഡും: മന്ത്രിയുടെ വിശദീകരണം
ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നിലപാടുകൾ കേരളം നടപ്പാക്കില്ല എന്ന പ്രഖ്യാപനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നു. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സ്വന്തമായ നിയമനിർമ്മാണം നടത്താമെന്ന് ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിലെ സാഹചര്യത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു:
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് കോഡ് ഓൺ വേജസ് (2019) പ്രകാരമുള്ള നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. മുൻപ് മിനിമം വേജസ് ആക്ട്, 1948 പ്രകാരം ആരംഭിച്ച നടപടികൾ, പുതിയ കേന്ദ്ര നിയമം വന്നതോടെ അസാധുവായതായി ഹൈക്കോടതി പ്രാഥമികമായി നിരീക്ഷിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം പഴയ നിയമപ്രകാരമുള്ള നടപടികൾക്ക് ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
എങ്കിലും, കോഡ് ഓൺ വേജസ് പ്രകാരം മിനിമം വേതനം നിശ്ചയിക്കുന്നതിന് ഈ ഉത്തരവ് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2025 ഡിസംബർ 27-ന് നടന്ന യോഗത്തിലെ തീരുമാനങ്ങൾ പ്രകാരം ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ, നിയമപരമായ കൃത്യതയോടെ മിനിമം വേതനം നടപ്പിലാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ലേബർ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങൾ ഒഴിവാക്കിക്കൊണ്ട്, അർഹമായ വേതനം ഉറപ്പാക്കാൻ സാധിക്കുന്ന തരത്തിൽ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
.jpg)



Post a Comment