പ്രതീക്ഷിത ഒഴിവിലേക്കുള്ള വിജ്‌ഞാപനങ്ങൾ നിലയ്ക്കുന്നു; ഉദ്യോഗാർഥികൾക്കു നിരാശ.




  സർക്കാർ ജോലി കാത്തിരിക്കുന്ന നൂറുകണക്കിന് ഉദ്യോഗാർഥികളെ നിരാശയിലാക്കി പ്രതീക്ഷിത ഒഴിവിലേക്കുള്ള പിഎസ്സി വിജ്ഞാപനങ്ങൾ നിലയ്ക്കുന്നു. അധ്യാപക തസ്‌തികകളിൽ റാങ്ക് ലിസ്‌റ്റ് തയാറാക്കും മുൻപ് ആശയവിനിമയം നടത്താൻ പിഎസ്‌സിയോട് ആവശ്യപ്പെടാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയുള്ള വിജ്‌ഞാപനങ്ങൾക്ക് നിയന്ത്രണം വരുന്നത്. പ്രതീക്ഷിത ഒഴിവുകളിൽ വിജ്‌ഞാപനം നിർത്തലാക്കുന്നത് പ്രധാനമായും ബാധിക്കുക അധ്യാപക തസ്‌തികകളെയാണ്. എൽപിഎസ്‌ടി, യുപിഎസ്ടി തസ്തികകളിലേക്കുള്ള പുതിയ വിജ്‌ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി ആലോചിച്ചിരുന്നതാണ്. ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് വിജ്‌ഞാപനം കാത്തിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ 2 വിജ്‌ഞാപനങ്ങളും ഈ വർഷം പ്രസിദ്ധീകരിക്കാൻ സാധ്യതയില്ല.പ്രതീക്ഷിത ഒഴിവുകളിൽ ഇനി വിജ്‌ഞാപനം പ്രസിദ്ധീകരിക്കില്ല എന്നു പിഎസ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം വിജ്ഞാപനങ്ങളിൽ വന്ന കുറവ് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുതിയ എൽപിഎസ്ട‌ി വിജ്‌ഞാപനം വൈകിപ്പിക്കാൻ സർക്കാർ പിഎസ്‌സിയോട് നിർദേശിക്കണമെന്നത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ 5 ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതു പരിഗണിക്കുമെന്നാണു സർക്കാർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഇതുവരെ പിഎസ്സിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അനുകൂല നിലപാടാണ് സർക്കാരിനുള്ളത്.ഹൈസ്കൂൾതലം വരെയുള്ള അധ്യാപക തസ്‌തികകളിൽ കെ.ടെറ്റ് നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പിഎസ‌ി സർക്കാരിനു കത്തു നൽകിയിരുന്നു. ഇതിൽ ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല. മറുപടി ലഭിക്കാതെ എൽപിഎസ്‌ടി, യുപിഎസ്‌ടി, എച്ച്എസ്ടി വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിക്കാൻ കഴിയില്ല.വിവിധ വകുപ്പുകളിൽ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികകളിലേക്കുള്ള വിജ്‌ഞാപനങ്ങളും ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരിക്കേണ്ടതാണ്. രണ്ടു തസ്‌തികകളുടെയും നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ 2028 ജൂലൈയിൽ അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് നിലവിൽ വരണമെങ്കിൽ ഈ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കണം. ക്ലാർക്കിനും ലാസ്‌റ്റ്‌ ഗ്രേഡിനും പ്രതീക്ഷിത ഒഴിവുകളിലാണ് പിഎസ്‌സി വിജ്‌ഞാപനം പ്രസിദ്ധീകരിക്കാറുള്ളത്. സെക്രട്ടേറിയറ്റ് അസിസ്‌റ്റൻ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്‌റ്റന്റ്, ലാസ്റ്റ‌് ഗ്രേഡ്, സർവകലാശാല അസിസ്‌റ്റൻ്റ്, പൊലീസ് കോൺസ്റ്റബിൾ, എസ്ഐ തുടങ്ങി പ്രധാന തസ്‌തികകളിലേക്കെല്ലാം പ്രതീക്ഷിത ഒഴിവുകളുടെ അടിസ്‌ഥാനത്തിലാണ് വിജ്‌ഞാപനം പ്രസിദ്ധീകരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്‌ത ശേഷം മാത്രം വിജ്‌ഞാപനം പ്രസിദ്ധീകരിച്ചാൽ മതിയെന്നു തീരുമാനിച്ചാൽ കാലതാമസം ഉറപ്പാണ്.പ്രധാന തസ്ത‌ികകളുടെ റാങ്ക് ലിസ്‌റ്റ് അവസാനിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസം പുതിയ ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്നതാണ് പിഎസ്‌സിയുടെ നിലവിലെ തിരഞ്ഞെടുപ്പ് രീതി. കൃത്യമായ ഇടവേളകളിൽ വിജ്‌ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് റാങ്ക് ലിസ്‌റ്റ് പ്രസിദ്ധപ്പെടുത്തുന്നതിനാൽ താൽക്കാലിക നിയമനങ്ങൾ വൻതോതിൽ കുറയുകയും പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളിൽ നിന്ന് പരമാവധി നിയമനങ്ങൾ നടക്കുകയും ചെയ്‌തിരുന്നു. ഇനി ഈ രീതിയ്ക്ക് മാറ്റം വരാൻ സാധ്യതയുണ്ട്. പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ വൻതോതിൽ കുറയാനും താൽക്കാലിക നിയമനങ്ങൾ വർധിക്കാനും ഇതു വഴിവച്ചേക്കും.



إرسال تعليق

0 تعليقات