എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പുറത്തിറക്കിയ പുതിയ പ്രചാരണ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) രചനയും ആലാപനവും നിർവ്വഹിച്ച ഈ ഗാനം പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ ഭരണ നേട്ടങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
‘കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന ഗാനം കേരളത്തിന്റെ വിവിധ മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളെയും ക്ഷേമ പദ്ധതികളെയും മനോഹരമായി കോർത്തിണക്കുന്നു. ഗാനത്തിലെ “അവകാശമൗദാര്യമല്ല, പുലരി പിറക്കട്ടെ, അറിവുള്ള കരം അധികാര പേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടെ” എന്ന വരികൾ യുവതലമുറയ്ക്കിടയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ദശകങ്ങളായി നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികൾ പൂർത്തിയാക്കിയതും, സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ വരുത്തിയ മാറ്റങ്ങളുമാണ് ഗാനത്തിന്റെ ഇതിവൃത്തം.പ്രകൃതിദുരന്തങ്ങളെയും വെല്ലുവിളികളെയും കേരളം എങ്ങനെ അതിജീവിച്ചു എന്നതിന്റെ നേർക്കാഴ്ചയായും ഗാനം മാറുന്നു. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങളും, തുടർന്ന് അതിജീവനത്തിന്റെ ഭാഗമായി സർക്കാർ വിഭാവനം ചെയ്ത അത്യാധുനികമായ വയനാട് ടൗൺഷിപ്പിന്റെ രൂപരേഖയും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന കേരളത്തിന്റെ കരുത്തിനെയാണ് ഈ ദൃശ്യങ്ങൾ പ്രതിനിധീകരിക്കുന്നത്. ‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ ഈ ഗാനം, മുൻപത്തെ യുഡിഎഫ് ഭരണകാലവും കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണവും തമ്മിലുള്ള വ്യക്തമായ വ്യത്യാസം ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നു. വികസന നേട്ടങ്ങൾ ജനകീയമായ സംഗീത ശൈലിയിലൂടെ അവതരിപ്പിച്ച ഈ നീക്കം വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.
.
.jpg)




Post a Comment