പോക്‌സോ കേസ് ഒതുക്കാൻ പണമൊഴുക്കി, കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ച് കോടികൾ നേടി; അജി കൃഷ്ണനെതിരെ ജീവനക്കാരൻ


ന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജീവനക്കാരന്‍. സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പോക്‌സോ കേസ് ഒതുക്കാന്‍ പണമൊഴുക്കിയെന്നാണ് ആരോപണം. അജി കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. മുന്‍ കേന്ദ്രമന്ത്രി ഡോ. എസ് കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലും അജി കൃഷ്ണനാണെന്ന് ജീവനക്കാരന്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ അജി കൃഷ്ണന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച ജീവനക്കാരനാണ് വീണ്ടും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എച്ച്ആര്‍ഡിഎസിലെ ജീവനക്കാരിയെ ഉപദ്രവിച്ചു. കോണ്‍ട്രാക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് കോടികള്‍ എച്ച്ആര്‍ഡിഎസ് കൈക്കലാക്കി. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച കലണ്ടറും ഡയറിയും അച്ചടിക്കാന്‍ 25 ലക്ഷം രൂപ ചെലവാക്കി. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ ഡയറിയും കലണ്ടറും ഉപയോഗിച്ചതെന്നും ജീവനക്കാരന്‍ ആരോപിക്കുന്നു. ശശി തരൂരിന്റെ അവാർഡ് വിവാദത്തിലും ജീവനക്കാരൻ വെളിപ്പെടുത്തൽ നടത്തി. തരൂരിനെ നേരിട്ട് ക്ഷണിച്ചതാണ്. എന്നാൽ തരൂർ വരാമെന്ന് അറിയിച്ചിട്ടില്ല. പ്രതിരോധ മന്ത്രിയെ ക്ഷണിച്ചതായി തനിക്കറിയില്ലെന്നും ജീവനക്കാരൻ പറഞ്ഞു. പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്ന പേരിലും തട്ടിപ്പ് നടത്തിയെന്ന് പരാതിക്കാരൻ കൂട്ടിച്ചേർത്തു. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നുമായിരുന്നു എച്ച്ആര്‍ഡിഎസിന്റെ വിശദീകരണം. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് നേരെ 2024ല്‍ അതിക്രമം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു എന്നാണ് പൊലീസ് അറിയിച്ചത്. പോക്‌സോ വകുപ്പും ബിഎന്‍എസ് 73 എന്നിവയും ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പരാതിക്കാരന്‍ ജോലി സംബന്ധമായ ആവശ്യത്തിന് കൊല്‍ക്കത്തയില്‍ പോയപ്പോള്‍ തന്റെ വീട്ടില്‍ വെച്ച് മകളെ അജി കൃഷ്ണന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നായിരുന്നു ജീവനക്കാരന്റെ പരാതി. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴാം തീയതി സ്‌കൂളില്‍ വെച്ച് നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതെന്നും ശിശു സംരക്ഷണ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നുമാണ് വിവരം.



Post a Comment

Previous Post Next Post

AD01