വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്


വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ പി കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തെത്തും. ശേഷം വൈകീട്ട് എഐസിസി നിരീക്ഷകരോട് മുസ്ലീം ലീഗിന്റെ നിലപാട് വ്യക്തമാക്കും. പിഎംഎ സലാം കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് വരികയാണ്. ജനവികാരം വി ഡി സതീശന് അനുകൂലമാണെന്നും യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വലിയ അധ്വാനമുണ്ടെന്നും ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളെ ധരിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. മുമ്പ് തന്നെ ലീഗില്‍ ഈ ആവശ്യം ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി ആര് വേണമെന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാല്‍ വലിയ സമ്മര്‍ദം ചെലുത്താതെ അവര്‍ സംയമനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രി ആരാകണമെന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് തങ്ങളുടെ ആവശ്യം കരുത്തോടെ പറയാല്‍ മുസ്ലീം ലീഗ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് ഇന്ന് വൈകീട്ട് യോഗം നടക്കുക. എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ പ്ലസ്. പ്രവര്‍ത്തകരുടേയും സാധാരണ ജനങ്ങളുടേയും മനസ് തനിക്കൊപ്പമെന്ന് വി ഡി സതീശനും കരുതുന്നു. എഐസിസി നിരീക്ഷകരായ മുകള്‍ വാസ്‌നിക്കും അജയ് മാക്കനും ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഉണ്ടാകരുതെന്ന് വി ഡി സതീശന്‍ പക്ഷം എഐസിസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന് അഭിപ്രായം എഴുതി വാങ്ങാനാണ് തീരുമാനം.



Post a Comment

أحدث أقدم

AD01