സൗദിയിൽ പുകവലിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയർത്തണം; ആവശ്യമുയർത്തി കിങ് ഖാലിദ് ഫൗണ്ടേഷൻ


സൗദി അറേബ്യയിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 18-ൽ നിന്ന് 21 വയസ്സായി ഉയർത്തണമെന്ന് കിങ് ഖാലിദ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപണിയിലെത്തുന്ന ഇ-സിഗരറ്റുകളുടെ വിൽപന രാജ്യത്ത് പൂർണമായും നിരോധിക്കണമെന്നും ഫൗണ്ടേഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. 'ദി നെക്സ്റ്റ് ജനറേഷൻ ഓഫ് സൗദീസ്: ചൈൽഡ്ഹുഡ് ഇൻ ദി കിങ്ഡം ഓഫ് സൗദി അറേബ്യ' എന്ന പേരിൽ ഫൗണ്ടേഷൻ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഈ നിർണായക നിർദ്ദേശങ്ങളുള്ളത്. സൗദിയിലെ കുട്ടിക്കാലത്തെക്കുറിച്ചും കുട്ടികളും അവരുടെ രക്ഷിതാക്കളും നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും പഠനവിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ഇ-സിഗരറ്റുകളുടെ വിൽപന പൂർണമായും നിരോധിക്കേണ്ടത് അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച്, ഒറ്റത്തവണ മാത്രം ഉപയോഗിച്ച് കളയുന്ന (ഡിസ്പോസിബിൾ) ഇ-സിഗരറ്റുകൾ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റൽ സ്റ്റോറുകൾ, ഡെലിവറി ആപ്പുകൾ എന്നിവ വഴി പുകയില ഉത്പന്നങ്ങളും ഇ-സിഗരറ്റുകളും ഓർഡർ ചെയ്ത് വാങ്ങുന്നത് തടയണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെടുന്നു. ഇതിനായി രാജ്യത്തെ ട്രാൻസ്‌പോർട്ട് അതോറിറ്റി, മുൻസിപ്പാലിറ്റി-ഭവന മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുടെ നിലവിലെ നിബന്ധനകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും ശുപാർശയിലുണ്ട്.

ലൈസൻസുള്ള കടകളിൽ പുകയില ഉത്പന്നങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പ്രായം കർശനമായി പരിശോധിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഉത്പന്നങ്ങൾ വാങ്ങാൻ എത്തുന്നവരുടെ നാഷണൽ ഐഡി (ഇഖാമ), റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിവ പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിൽപന നടത്താവൂ. പുതിയ തലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഈ നിയമ പരിഷ്കാരങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നാണ് കിങ് ഖാലിദ് ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.



إرسال تعليق

0 تعليقات