ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ നയമുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ പോകുന്നവയല്ല. പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല. കൃത്യമായ പരിപാടികൾ ആവിഷ്കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ ഉണ്ടാക്കി ശമ്പളം കൊടുക്കുകയല്ല സർക്കാരിൻറെ നയമെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു.ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള ഉറപ്പാണ് ജനങ്ങൾക്ക് നൽകിയത്. അതിന് തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സർക്കാർ. ഭാവിയെ കെട്ടിപ്പടുക്കാനുള്ള ഒരു ഡോക്യുമെന്റ് അവതരിപ്പിച്ചു. പരമ്പരാഗത രീതിയിൽ അവതരിപ്പിച്ച ബജറ്റ് അല്ല. കാലഹരണപ്പെട്ട കാര്യങ്ങൾ മാറ്റി നിർത്തി ഓരോ മേഖലയിലും എക്സ്പെർട്ടിനെ വെക്കുകയാണ്.
വയോജനങ്ങളെ സംരക്ഷിക്കണം.നന്നായി പഠിച്ചിട്ടാണ് വയോജനങ്ങൾക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാളും സാമൂഹികമായി ഒറ്റപ്പെടില്ലെന്ന് ഈ സർക്കാർ ഉറപ്പുവരുത്തും. അശരണരെ ചേർത്തുനിർത്താനാണ് വൺ കേരള പദ്ധതി. ജനങ്ങളുടെ തലയിൽ ഭാരം കെട്ടിവെക്കാതെ തന്നെ ഖജനാവ് നിറയ്ക്കും.ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവെച്ചിട്ടല്ല ഖജനാവ് നിറയ്ക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കും,സപ്ലൈകോ ലാഭം ഉണ്ടാക്കും. കൃത്യമായ പരിപാടികൾ ആവിഷ്കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും.KSEB ഉമ്മൻചാണ്ടിയുടെ സർക്കാരിന്റെ കാലത്ത് ലാഭത്തിൽ ആയിരുന്നു. ഇപ്പോൾ കോടികളുടെ നഷ്ടത്തിൽ. കരിമണൽ സ്വകാര്യ വത്ക്കരിക്കില്ല. കരിമണലിനെ സംബന്ധിച്ച് താൻ പറഞ്ഞതിൽ വാക്കുമാറില്ല.സർക്കാരിന് യൂ ടേൺ ഇല്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള മോഡൽ മങ്ങിയിരിക്കുകയാണ്. കേരള മോഡൽ നവീകരിച്ച് നീയോ കേരള മോഡൽ ഉണ്ടാക്കണം. കേരള മോഡലിൽ ഒന്നും ആരും അഭിരമിക്കേണ്ട. ഭൂമിയാണ് സർക്കാരിൻറെ ഓഹരി, ബാക്കി നിക്ഷേപമായി വരണം എന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. സാധാരണക്കാരായ പ്രവാസികളെ നിക്ഷേപകരാക്കി കേരളത്തിൻറെ വികസനത്തിൽ പങ്കാളികളാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






0 تعليقات