കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യ അപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസിൽ നിർണായ തെളിവുകൾ കണ്ടെത്താൻ ജിതിൻ്റെ ഫോൺ സ്റ്റേറ്റ് എഫ് എസ് എല്ലിലേക്ക് അയക്കാനുള്ള നടപടി എസ് ഐ ടി ആരംഭിച്ചു. കേസിൽ ജിതിൻ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്നാണ് എസ്ഐടി കണ്ടെത്തൽ. ശേഷം സ്ക്രീൻഷോട്ട് ബ്രോഡ്‌കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നുമാണ് എസ്ഐടി നിഗമനം. എന്നാൽ സ്ക്രീൻ ഷോട്ടിൻ്റെ ബുദ്ധികേന്ദ്രം ജിതിൻ ഭാസ്‌കർ അല്ലെന്നും സ്ക്രീൻ ഷോട്ട് നിർമിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചെന്നും എസ്ഐടി സംശയിക്കുന്നു. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. ജിതിൻ തന്റെ ഫോൺ റീസെറ്റ് ചെയ്തെന്നും ഇതോടെ തെളിവുകൾ നഷ്ടപ്പെട്ടു എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്കയക്കാനാണ് എസ്ഐടി നീക്കം. നിലവിൽ ഫോൺ കോടതിയിലാണുള്ളത്. ഫോൺ തുടർ പരിശോധനയ്ക്കയക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. വ്യക്തികൾക്കും ഗ്രൂപ്പുകളിലേക്കും ജിതിൻ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തി. കാഫിർ സ്ക്രീൻഷോട്ട് ജിതിൻ ഭാസ്‌കർ ആദ്യം 'വടകര സ്ക്വാഡ്' എന്ന വാട്‌സാപ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം.





0 Comments