സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം വകുപ്പിൻ്റെ പ്രത്യേക അഭിഭാഷകൻ ആക്കിയ നടപടിയിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിന്റെ രാഷ്ട്രീയ കാപട്യമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പങ്കജ് ഭണ്ഡാരിക്കുവേണ്ടി കോടതിയിൽ വാദിച്ച അതേ വക്കിൽ തന്നെയാവും ഇനി സർക്കാരിന് വേണ്ടി കോടതിയിൽ എത്തുകയെന്നും ബിനോയ് വിശ്വം വിമർശിച്ചു. ഇതിലൂടെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് കൃത്യമായി വ്യക്തമാകുന്നു.ഇതാണ് യു ഡി എഫ്. സുതാര്യമായ ഭരണരീതിയെപ്പറ്റിയും ഗാന്ധിയൻ ചിന്തയെക്കുറിച്ചും സംസാരിക്കുന്ന മുഖ്യമന്ത്രി ഇതിൽ എന്തു മറുപടി പറയും. മുഖ്യമന്ത്രി മൗനം വെടിയണം. കള്ളൻ താക്കോലുമായി ഹൈക്കോടതിയിലേക്ക് വരുന്നു. പറഞ്ഞ വാക്കിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ പ്രദീപിനെ പുറത്താക്കണം.ജനങ്ങൾക്ക് എല്ലാ മനസിലാകുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫിന്റെ നിഗൂഢ നടപടിയിൽ മുൻ ദേവസ്വം മന്ത്രി വി എൻ വാസവനും സിപിഐഎം നേതാവ് പി രാജീവും വിമർശനം ഉന്നയിച്ചിരുന്നു. നടത്തുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമവുമാണെന്നാണ് പി രാജീവ് പ്രതികരിച്ചത്. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോൾ ചെയ്തതെന്നും യുഡിഎഫ് നടപടിയിൽ നിഗൂഢതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമനം ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണെന്നാണ് വി എൻ വാസവൻ പറഞ്ഞത്. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


0 Comments