ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചെന്ന വാർത്തയിൽ രൂക്ഷവിമർശനവുമായി കെ.എൻ. ബാലഗോപാൽ. ചെന്നൈ ആസ്ഥാനമായുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ ബി പ്രദീപിനെ ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചെന്ന വാർത്തകളാണ് പുറത്തുവന്നത്. ഈ വാർത്തകൾ ശരിയാണെങ്കിൽ, സ്വർണ്ണം മോഷ്ടിച്ചവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന ‘വിസ്മയ’മാണ് കേരളം കാണാൻ പോകുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് ‘സ്വർണ്ണം പൂശിയെത്തിയ’ യു.ഡി.എഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും അത് ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതേയുള്ളൂ എന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ ദുരൂഹതകൾ ഉണ്ടെന്നും, വരും ദിവസങ്ങളിൽ സർക്കാരിന്റെ പല ‘ചെമ്പുകളും’ തെളിഞ്ഞുവരുമെന്നും കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ ബി പ്രദീപിനെ ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. ഇത് ശരിയാണെങ്കിൽ സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനിമുതൽ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നത്.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണ്ണം പൂശിയെത്തിച്ച യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാം.



0 Comments