ജനം വോട്ട് ചെയ്തത് ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റാനല്ല': സണ്ണി ജോസഫിന്റെ ബന്ധു നിയമനത്തിൽ വിമർശനം

 

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം നടന്നതില്‍ വിമര്‍ശനവുമായിമലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് കൂറിലോസ്. തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജന പക്ഷപാതമാണെന്നും അത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. മാറ്റത്തിന് വോട്ടുചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികളെന്നും നടപടി ഉടന്‍ പിന്‍വലിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ജനങ്ങള്‍ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നെന്നും ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാന്‍ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫിലാണ് ബന്ധു നിയമനം നടന്നത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. ആരോപണങ്ങള്‍ക്കിടെ ബെന്നി തോമസിന് പിന്തുണയുമായി ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോണ്‍ഗ്രസ് നേതാവാണ് ബെന്നി തോമസെന്ന് അബ്ദുൾ റഷീദ് ഫേസ്ബുക്കില്‍ കുറിച്ചു.യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, സേവാദള്‍ ചെയര്‍മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ടെന്നും റഷീദ് കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്ന മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനെ 'മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍' എന്ന തരത്തില്‍ വാര്‍ത്ത നല്‍കുമ്പോള്‍ ഇത്രയും കൂടി ചേര്‍ക്കാന്‍ തയാറാകണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെടുന്നു.



Post a Comment

0 Comments