പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന അന്‍സിബയുടെ ആവശ്യം അംഗീകരിച്ചു’; ശ്വേത മേനോന്‍

 


പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന അന്‍സിബയുടെ ആവശ്യം അംഗീകരിച്ചെന്ന് അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍. പ്രസിഡന്റിനെയും, ജനറല്‍ സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റി നിര്‍ത്തി പാനല്‍ രൂപീകരിക്കാന്‍ ആകില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.വിവാദം പരസ്യ ചര്‍ച്ചയാക്കിയതിന് അഞ്ച് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലും വിശദീകരണം തേടും. തന്റെ കയ്യില്‍ നിന്നാണ് ഓഡിയോ ചോര്‍ന്നത് എന്ന് കുക്കു പരമേശ്വരന്‍ സമ്മതിച്ചു. മാധ്യമങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ ഭരണ സമിതി കുറെ നല്ല കാര്യങ്ങള്‍ ചെയ്തു. അതൊന്നും എവിടെയും ചര്‍ച്ച ആകുന്നില്ല. 502 അംഗങ്ങള്‍ ഉള്ള ചെറിയ സംഘടന ആണ്. വാര്‍ത്ത ഏകപക്ഷീയം ആകരുത് – ശ്വേത പ്രതികരിച്ചു.നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിതെ ടിനി അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിക്കുന്നതായുമാണ് അന്‍സിബയുടെ ആരോപണം. ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയത്.

അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ച ശേഷം ഗുരുതര ആരോപണങ്ങളാണ് ടിനി ടോമിനെതിരെ അന്‍സിബ ഉന്നയിച്ചത്. തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തി എന്നും സ്ത്രീയെന്ന നിലയില്‍ അപമാനിച്ചെന്നും വര്‍ഗീയ അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയെ വിളിപ്പിച്ചെങ്കിലും അന്‍സിബ ഹാജരായിരുന്നില്ല. ടിനി ടോമിന്റെയും കുക്കു പരമേശ്വരന്റെയും അടക്കം വിശദീകരണം എക്‌സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തും. അതേസമയം, ലക്ഷ്മിപ്രിയയ്ക്ക് എതിരായ അന്‍സിബയുടെ പരാതിയില്‍ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.



Post a Comment

Previous Post Next Post

AD01