പച്ചമുട്ട കഴിക്കുന്നത് നല്ലതാണോ? ഫിറ്റ്‌നസ് പ്രേമികള്‍ അറിയാന്‍


വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ബി 9, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ, ഇപിഎ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളും ഇതിലുണ്ട്. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ മുട്ട പുഴുങ്ങിയും കറിവച്ചും ഒക്കെ കഴിക്കുന്നതിന് പകരം പച്ച മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട്. പച്ച മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരിലധികവും ഫിറ്റ്‌നസ് പ്രേമികളാണ്. മുട്ട പാചകം ചെയ്യുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ് ചില ആളുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ മുട്ട പച്ചയ്ക്ക് കഴിക്കുന്നത് ഗുണകരമാണോ?.

പച്ചമുട്ട കൂടുതല്‍ പ്രോട്ടീന്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഹൈല്‍ത്ത് ലൈന്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം വേവിച്ച മുട്ടയിലെ പ്രോട്ടീന്റെ 90 ശതമാനം വരെ മനുഷ്യശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയും. അതേസമയം പച്ച മുട്ടയിലെ പ്രോട്ടീന്റെ 50 ശതമാനം മാത്രമേ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. മാത്രമല്ല വേവിക്കാതെ മുട്ട കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പച്ചമുട്ട കഴിക്കുന്നത് ഭക്ഷണത്തിലൂടെയുള്ള അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. മുട്ടയില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ട് എന്നതിനാലാണ് വേവിക്കാതെ മുട്ട കഴിക്കരുത് എന്ന് പറയുന്നത്. വെറും വയറ്റില്‍ പച്ചമുട്ട കഴിക്കുന്നത് വയറുവേദന, മലബന്ധം, വയറിളക്കം, വയറ് വീര്‍ക്കല്‍,ഗ്യാസ് തുടങ്ങി ഭക്ഷ്യ വിഷബാധയ്ക്ക് വരെ കാരണമായേക്കാം.
സാല്‍മൊണെല്ല ബാക്ടീരിയയില്‍നിന്ന് ഗുരുതരമായ ദഹനനാള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. വേവിക്കാത്ത മുട്ടയിലുളള അഡിവിന്‍ എന്ന പ്രോട്ടീന്‍ ബയോട്ടിനുമായി(വിറ്റാമിന്‍ B6) കൂടിചേരുന്നു. അമിത അളവില്‍ മുട്ട കഴിച്ചാല്‍ ബയോട്ടിന്‍ അപര്യാപ്തതയിലേക്ക് നയിച്ചേക്കാം. വേവിച്ച മുട്ടയിലെ ഒരു പ്രധാന പോഷകമാണ് ബയോട്ടിന്‍. അഡിവിന്റെ സാന്നിധ്യത്തില്‍ ശരീരത്തില്‍ അതിന്റെ ആഗിരണം തടസ്സപ്പെടുന്നു. എന്നാല്‍ മുട്ട വേവിക്കുമ്പോള്‍ അഡിവിന്‍ ഇല്ലാതാക്കപ്പെടുകയും ശരീരത്തില്‍ ബയോട്ടിന്റെ ആഗിരണം സുഗമമായി നടക്കുകയും ചെയ്യും.

സൂക്ഷിക്കേണ്ടവര്‍ ആരൊക്കെ

രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ പച്ച മുട്ട കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നിവര്‍ പച്ചമുട്ടയോ അതില്‍നിന്ന് നിര്‍മ്മിച്ച ഉത്പന്നങ്ങളോ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.

മുട്ട സുരക്ഷിതമായും എല്ലാ പോഷകങ്ങളോടും കൂടി ലഭിക്കാന്‍ എപ്പോഴും അവ വേവിച്ചോ കറിവച്ചോ കഴിക്കാവുന്നതാണ്. മഞ്ഞക്കരുവും വെളളയും പൂര്‍ണമായും കട്ടിയാകുന്നത് വരെ മുട്ട വേവിക്കേണ്ടതാണ്. ചൂട് അതിലെ ബാക്ടീരിയയെ നശിപ്പിക്കുന്നു. മാത്രമല്ല വേവിക്കുമ്പോള്‍ മുട്ടയുടെ പ്രോട്ടീന്‍ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.



إرسال تعليق

0 تعليقات