യുക്രെനിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു, വൻ ആക്രമണമുണ്ടാകുമെന്ന് സെലെൻസ്‌കിയുടെ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടനങ്ങൾ

 

യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് കനത്ത റഷ്യൻ ഡ്രോൺ- മിസൈൽ ആക്രമണം. 13 പേർ കൊല്ലപ്പെട്ടു, 30ൽ അധികം പേർക്ക് പരുക്ക്. കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റതായി വിവരം. നഗരത്തിലെ ജനവാസകേന്ദ്രങ്ങളും കെട്ടിടസമുച്ചയങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇന്നലെ രാത്രി തുടങ്ങിയ ആക്രമണം ഇന്നു രാവിലെ മൂന്നര വരെ തുടർന്നു. റഷ്യ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു.യുക്രെയ്‌നിലെ ഊർജനിലയങ്ങളാണ് ലക്ഷ്യമിട്ടതെന്ന് റഷ്യ വ്യക്തമാക്കി. കീവിലെ ഏകദേശം മൂന്നര ഡസനോളം സ്ഥലങ്ങളിലാണ് റഷ്യൻ സൈന്യം ആക്രമണം നടത്തിയത്. നഗരത്തിലെ ഒമ്പത് നില കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും, മറ്റൊരു ഉയർന്ന കെട്ടിടത്തിന്റെ വലിയൊരു ഭാഗം ആക്രമണത്തിൽ തകർന്ന് വീണതായും കീവ് മേയർ വിറ്റാലി ക്ലിച്ച്കോ അറിയിച്ചു. രാജ്യത്ത് റഷ്യ വൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായത്.

അയർലൻഡ് സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് അദ്ദേഹം ഉക്രെയ്നിലേക്ക് മടങ്ങിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ കുറച്ചുനാളായി ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സെലെൻസ്‌കി അഭ്യർത്ഥിച്ചിരുന്നു. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം പ്രാപിക്കാൻ അധികൃതർ നിർദ്ദേശം നൽകി.



Post a Comment

0 Comments