കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വെണ്ണലയിൽ സ്വന്തം വീട്; 16 വർഷത്തെ കാത്തിരിപ്പിന് അവസാനം


കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വെണ്ണലയിൽ സ്വന്തം വീടൊരുങ്ങി. 'കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ' എന്നാണ് പുതിയ വീടിന് പേര്. കൊച്ചിൻ ഹനീഫയുടെ ആകസ്‌മിക വിയോഗത്തിന് ശേഷം കഴിഞ്ഞ 16 വർഷമായി ഭാര്യ ഫാസീലയും മക്കളായ സഫയും മർവയും കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു. ഹനീഫയുടെ സമ്പാദ്യവും നിയമക്കുരുക്ക് മാറി കുട്ടികൾക്ക് 18 വയസ് ആയതോടെ തിരികെ ലഭിച്ച സ്വത്തും ഉപയോഗിച്ചാണ് വീട് പണിതത്. വെണ്ണല അംബേദ്‌കർ റോഡിൽ മൂന്നുനിലയിലുള്ളതാണ് വീട്. അഞ്ച് ബെഡ്‌റൂം ഉൾപ്പെടെ മനോഹരമായി ഇൻ്റീരിയർ ചെയ്തിരിക്കുന്നു. പിതാവ് എ.ബി. മുഹമ്മദിൻ്റെ പേരിൽ വീട് നിർമിക്കണമെന്നത് ഹനീഫയുടെ വലിയ ആഗ്രഹമായിരുന്നു. ഇന്റീരിയർ ഡിസൈൻ ചെയ്‌തത്‌ മക്കളായ സഫയും മർവയുമാണ്. കൊച്ചിൻ ഹനീഫ മരിക്കുമ്പോൾ നാല് വയസായിരുന്നു ഇരട്ടകളായ സഫയ്ക്കും മർവയ്ക്കും. സഫയെ സിഎയും മർവയെ സിഎസും പഠിപ്പിക്കണമെന്ന് ഹനീഫ ആഗ്രഹിച്ചിരുന്നതായി ഫാസീല ഓർക്കുന്നു. തലശേരിക്കാരിയായ ഫാസീല ഉറ്റവർ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാതെ കൊച്ചിയിൽ തന്നെ നിന്ന് ഹനീഫയുടെ സ്വപ്‌നങ്ങൾ പൂർത്തിയാക്കി. "ആരുടെ മുന്നിലും കൈനീട്ടാൻ ഹനീഫയ്ക്ക് താല്‌പര്യമുണ്ടായിരുന്നില്ല. ആ തലയെടുപ്പ് ഈ വീടിനുമുണ്ട്" എന്ന് ഫാസീലയുടെ സഹോദരൻ പറഞ്ഞു. കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കാൻ നടൻ ദിലീപ് ഇടപെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

0 Comments