2 ടീസ്പൂൺ അരിപ്പൊടി കൊണ്ട് ഐസ്ക്രീം ഉണ്ടാക്കാം


ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ എപ്പോഴും ഇത് പുറത്തു നിന്നും വാങ്ങി കഴിക്കുന്നത് അത്ര നല്ലതല്ല, എന്നാൽ ഐസ്ക്രീം വേണമെന്ന് പറഞ്ഞ് വാശി പിടിക്കുന്ന കുട്ടികുരുന്നുകൾക്കായി നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഐസ്ക്രീം തയ്യാറാക്കാം. വിപ്പിംഗ് ക്രീമോ മറ്റ് രാസവസ്തുക്കളോ ഒന്നുമില്ലാതെ കേവലം മൂന്ന് പ്രധാന ചേരുവകൾ മാത്രമാണ് ഇതിനായി ആവശ്യമുള്ളത്.

അവശ്യ ചേരുവകൾ

അരിപ്പൊടി (ഇടിയപ്പത്തിനോ നൈസ് പത്തിരിക്കോ ഉപയോഗിക്കുന്നത്) – 3 ടീസ്പൂൺ
പാൽ – 500 മില്ലി
പഞ്ചസാര – ആവശ്യത്തിന്
പിസ്ത/വാനില എസ്സൻസ് അല്ലെങ്കിൽ ഏലക്ക (നിർബന്ധമില്ല)

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ടീസ്പൂൺ അരിപ്പൊടി എടുക്കുക. ഇതിലേക്ക് കുറച്ച് പാൽ ഒഴിച്ച് കട്ടകളില്ലാതെ നല്ല ക്രീമി രൂപത്തിൽ കലക്കി മാറ്റിവെക്കുക. അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിൽ (നോൺ സ്റ്റിക് കടായി ആണെങ്കിൽ നല്ലത്) ബാക്കിയുള്ള പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ നന്നായി തിളച്ചു കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക. തീ ഏറ്റവും കുറച്ചു വെച്ച ശേഷം, നേരത്തെ കലക്കി വെച്ച അരിപ്പൊടി മിശ്രിതം പാലിലേക്ക് ഒഴിക്കുക. കട്ട പിടിക്കാതിരിക്കാൻ ഉടൻ തന്നെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. അരിപ്പൊടി നന്നായി വെന്ത് മിശ്രിതം കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ഇത് നന്നായി തണുക്കാൻ അനുവദിക്കുക. തണുത്ത മിശ്രിതം ഒരു സ്റ്റീൽ ബൗളിലോ ചോറ്റുപാത്രത്തിലോ ഒഴിച്ച്, ഫോയിൽ പേപ്പറോ അടപ്പോ ഉപയോഗിച്ച് വായു കടക്കാത്ത രീതിയിൽ മൂടി രണ്ടു മണിക്കൂർ ഫ്രീസറിൽ വെക്കുക. രണ്ടു മണിക്കൂറിന് ശേഷം ഇത് പുറത്തെടുത്ത് ഒരു മിക്സിയുടെ ജാറിലിട്ട് രണ്ട് മിനിറ്റ് നന്നായി അടിച്ചെടുക്കുക. അപ്പോൾ ഇത് നല്ല ക്രീമി രൂപത്തിലാകും. ഈ സമയത്ത് നല്ലൊരു നിറത്തിനും മണത്തിനുമായി പിസ്ത എസ്സൻസോ വാനില എസ്സൻസോ ചേർക്കാം. എസ്സൻസ് ഇല്ലെങ്കിൽ ഏലക്കായുടെ ഉള്ളിലെ വിത്തുകൾ ചേർത്താലും മതിയാകും. ഈ മിശ്രിതം വീണ്ടും പഴയ പാത്രത്തിലേക്ക് തന്നെ ഒഴിച്ച്, താല്പര്യമുണ്ടെങ്കിൽ മുകളിൽ നട്സ് വിതറി ഫോയിൽ പേപ്പർ കൊണ്ട് മൂടി എട്ടു മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഫ്രീസറിൽ സെറ്റ് ചെയ്യാൻ വെക്കുക. നല്ല ക്രീമി പരുവത്തിലുള്ള ഐസ്ക്രീം ഇപ്പോൾ തയ്യാർ.



Post a Comment

0 Comments