കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഓണം ഖാദി മേള 2026ന് തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍വഹിച്ചു. ഖാദി ഒരു വസ്ത്രം മാത്രമല്ലെന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകളുമായും നിരവധി പേരുടെ ഉപജീവന മാര്‍ഗമായും ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഇത്തവണത്തെ മേളയില്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഖാദി വസ്ത്രം ഒരു സംസ്‌ക്കാരമാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. ഖാദിയുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും എല്ലാവരും മേളയുടെ ഭാഗമാവണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം പുതുതായി വിപണിയില്‍ ഇറക്കിയ ഫാബ്രിക് ഫിറ്റ് സ്റ്റിഫ്‌നര്‍ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറല്‍ മാനേജര്‍ ജയ്‌സണ്‍ തോമസിന് നല്‍കിക്കൊണ്ട് മേയര്‍ പി. ഇന്ദിരയും, ഖാദി വസ്ത്രങ്ങളുടെ ആദ്യ വില്‍പ്പന കെ സി സോമന്‍ നമ്പ്യാര്‍ക്ക് നല്‍കിക്കൊണ്ട് ഡെപ്യൂട്ടി മേയര്‍ കെ പി താഹിറും നിര്‍വഹിച്ചു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ ദീപക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. പി. അബ്ദുള്‍ കരീം, ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്‍ സെക്രട്ടറി ഇ എ ബാലന്‍, പ്രൊജക്ട് ഓഫീസര്‍മാരായ ജിഷ കെ, ഷോളി ദേവസ്യ, യൂണിയന്‍ പ്രതിനിധികളായ ബി എസ് രാജീവ്, വി ഷിബു, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ വി ഫാറൂഖ് എന്നിവര്‍ സംബന്ധിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ. വി. രാജേഷ് സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. അനില്‍ നന്ദിയും പറഞ്ഞു. മേളയില്‍ കോട്ടണ്‍ - സില്‍ക്ക് സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, ജുബ്ബകള്‍, ദോത്തികള്‍, ബെഡ് ഷീറ്റുകള്‍, കിടക്കകള്‍, തലയിണകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് പുറമെ 'സില്‍ക്ക് സാരി മഹോത്സവ്' എന്ന പേരില്‍ സില്‍ക്ക് സാരിക്ക് മാത്രമുള്ള വിഭാഗവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ തരം തേനുകള്‍ക്കും തേന്‍ ഉല്‍പന്നങ്ങള്‍ക്കുമായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഹെര്‍ബല്‍ സോപ്പുകള്‍, ചന്ദനത്തിരികള്‍ എന്നിവയുടെ വലിയ ശേഖരം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. ആഗസ്റ്റ് 25 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് ഓണം മേളയുടെ ഭാഗമായുള്ള വില്‍പ്പന നടക്കുക.
0 تعليقات