കാൽപന്തുകളിയുടെ രക്തസാക്ഷി; ആന്ദ്രെ എസ്കോബാർ കൊല്ലപ്പെട്ടിട്ട് 32 വർഷം.

 

ലോകം കണ്ട ഏറ്റവും വലിയ ഫുട്‌ബോൾ ദുരന്തത്തിന് ഇന്ന് 32 വർഷം തികയുകയാണ്. ഒരു കളിക്കാരന്റെ പിഴവിനെ കളി ആവേശത്തേക്കാൾ ഗൗരവത്തോടെ കണ്ട ഒരു പറ്റം മാഫിയ സംഘം ഒരു മഹത്തായ കരിയറിനെ 12 വെടിയുണ്ടകൾ കൊണ്ട് ഇല്ലാതാക്കിയ ദിനം. ആന്ദ്രെ എസ്കോബാർ എന്ന ‘ജെന്റിൽമാന്റെ’ ഓർമ്മകളിലൂടെ ഒരു യാത്ര.

ഫുട്‌ബോൾ മൈതാനങ്ങളിൽ പിറക്കുന്നതെല്ലാം ആവേശത്തിന്റെ ഗോളുകൾ ആണ്. എന്നാൽ ഒരു ഗോളിലൂടെ ഒരാൾക്ക് ജീവൻ നഷ്ടമായാലോ? കേൾക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നാം, എന്നാൽ 1994-ൽ ലോകം അത് കണ്ടു. കൊളംബിയൻ പ്രതിരോധത്തിലെ വിശ്വസ്തനായിരുന്ന ആന്ദ്രെ എസ്കോബാർ എന്ന 27-കാരൻ മൈതാനത്തെ ഒരു ചെറിയ പിഴവിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയാണ്.

1994-ലെ അമേരിക്കൻ ലോകകപ്പിന് കൊളംബിയ എത്തിയത് വലിയ പ്രതീക്ഷകളോടെയാണ്. സാക്ഷാൽ പെലെ വരെ ലോകകപ്പ് നേടാൻ സാധ്യത കൽപ്പിച്ച ടീം. എന്നാൽ ആ ലോകകപ്പ് ടീമിന് സമ്മാനിച്ചത് കടുത്ത മാനസിക സമ്മർദ്ദങ്ങളായിരുന്നു. കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകളും വാതുവെപ്പ് സംഘങ്ങളും ആ ടീമിനുമേൽ വല്ലാതെ പിടിമുറുക്കിയിരുന്നു. ടീമംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണി സന്ദേശങ്ങളുടെ പെരുമഴ തന്നെ ആയിരുന്നു.


ജൂൺ 22. അമേരിക്കയ്‌ക്കെതിരെയുള്ള നിർണായക മത്സരം. കളിയുടെ 34-ാം മിനിറ്റിൽ അമേരിക്കയുടെ ജോൺ ഹാർക്സിന്റെ ഒരു ക്രോസ് തട്ടിയകറ്റാനുള്ള ശ്രമത്തിൽ പന്ത് എസ്കോബാറിന്റെ കാലിൽ തട്ടി സ്വന്തം ഗോൾ വലയിലേക്ക് പാഞ്ഞു കയറി. ആ ഒരു നിമിഷം ലോകം തരിച്ചുനിന്നു. തലയിൽ കൈവെച്ച് പുൽപ്പരപ്പിൽ കിടന്ന എസ്കോബാറിന്റെ മുഖം ഇന്നും ആരാധകർ ഓർക്കുന്നു. ആ സെൽഫ് ഗോളിലൂടെ കൊളംബിയ ലോകകപ്പിൽ നിന്ന് പുറത്തായി.

ദുരന്തം ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിക്കുമ്പോഴും ആന്ദ്രെ എസ്കോബാർ ശുഭാപ്തിവിശ്വാസിയായിരുന്നു. “ജീവിതം ഇവിടെ അവസാനിക്കുന്നില്ല… നമുക്കിനിയും മുന്നോട്ടുപോവണം” എന്ന് അദ്ദേഹം പത്രത്തിൽ കുറിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. വാതുവെപ്പിൽ കോടികൾ നഷ്ടപ്പെട്ട മയക്കുമരുന്ന് മാഫിയകൾ എസ്കോബാറിനെ ലക്ഷ്യം വെച്ചിരുന്നു.

ജൂലൈ 2 പുലർച്ചെ. മെഡലിൻ നഗരത്തിലെ ഒരു നിശാക്ലബിൽ നിന്ന് പുറത്തിറങ്ങിയ എസ്കോബാറിനെ ഒരു സംഘം വളഞ്ഞു. “സെൽഫ് ഗോളിലൂടെ രാജ്യത്തെ നാണം കെടുത്തി” എന്ന് അവർ ആക്രോശിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ശാന്തമായി പറഞ്ഞെങ്കിലും അവർ അത് കേട്ടില്ല. പന്ത്രണ്ട് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തുളഞ്ഞു കയറി. ഓരോ തവണ വെടിയുതിർക്കുമ്പോഴും ആ അക്രമികൾ “ഗോൾ… ഗോൾ… ഗോൾ” എന്ന് അലറിവിളിക്കുന്നുണ്ടായിരുന്നു.

ലോക ഫുട്ബോളിലെ ആദ്യ രക്തസാക്ഷിയായി ആന്ദ്രെ എസ്കോബാർ മാറി. ഒരു ലക്ഷത്തിലധികം പേർ കണ്ണീരോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു അബദ്ധത്തിന്റെ പേരിൽ ഒരു മനുഷ്യനെ കൊന്നുതള്ളിയ കൊളംബിയൻ മാഫിയയുടെ ക്രൂരത ലോകത്തിന് മുന്നിൽ ആ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകർത്തു.

ആന്ദ്രെ എസ്കോബാർ ആ പേര് കേൾക്കുമ്പോൾ ഇന്നും ഫുട്ബോൾ ലോകത്തിന്റെ ഉള്ളൊന്നു പിടയും. അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ പന്ത്രണ്ട് വെടിയുണ്ടകൾ കൊണ്ട് അവർ തകർത്തെറിഞ്ഞെങ്കിലും, ഫുട്ബോൾ ഉള്ളിടത്തോളം കാലം ആന്ദ്രെ എസ്കോബാർ എന്ന നൊമ്പരത്തിന് മരണമില്ല. 32 വർഷങ്ങൾക്കിപ്പുറവും ഓരോ ലോകകപ്പ് പന്തുരുളുമ്പോഴും, കൊളംബിയയിലെ തെരുവുകളിൽ ആ പ്രിയപ്പെട്ട താരം ഒരു നീറ്റലായി പുനർജനിക്കുന്നു.



إرسال تعليق

0 تعليقات