സർക്കാർ കോളേജുകളും നാഥനില്ലാ കളരി; 37 ഇടങ്ങളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല, ഫയലുകൾ ചുവപ്പുനാടയിൽ


സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ നാഥനില്ലാ കളരിയായി മാറുന്നു. ആകെയുള്ള 70 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 37 എണ്ണത്തിലും നിലവിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്ത ഗുരുതരമായ സാഹചര്യമാണുള്ളത്. വെറും 33 കോളേജുകളിൽ മാത്രമാണ് ഇപ്പോൾ സ്ഥിരം പ്രിൻസിപ്പൽമാരുള്ളത്. എട്ടിടങ്ങളിൽ താൽക്കാലിക പ്രിൻസിപ്പൽമാരാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിൽ കാര്യമായ നീക്കുപോക്കുകളൊന്നും ഉണ്ടായിട്ടില്ല. നിലവിലുള്ള 33 സ്ഥിരം പ്രിൻസിപ്പൽമാരെയും നിയമിച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ചില നിയമതടസ്സങ്ങൾ ഉണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണമെങ്കിലും, വസ്തുതകൾ മറിച്ചാണെന്ന ആരോപണം ഉയരുന്നുണ്ട്. 2022-ൽ പ്രിൻസിപ്പൽ നിയമനത്തിനായി ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും 110 അധ്യാപകരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 33 ഒഴിവുകൾ നികത്തിയത്. ബാക്കിയുള്ളവരെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ ഇപ്പോൾ മടിച്ചുനിൽക്കുകയാണ്. നിയമനങ്ങളിൽ സീനിയോറിറ്റി വേണോ അതോ നേരിട്ടുള്ള നിയമനം വേണോ എന്ന കാര്യത്തിൽ ചില അധ്യാപകർ കോടതിയെ സമീപിച്ചതാണ് നിലവിലെ നിയമക്കുരുക്കിന് കാരണം. എന്നാൽ, സംസ്ഥാനത്തെ സർവ്വകലാശാലാ നിയമപ്രകാരം സീനിയോറിറ്റിയുടെയും പ്രൊമോഷന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതെന്ന് കൃത്യമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചാൽ ഈ കേസ് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ ഈ സർക്കാർ അധികാരമേറ്റ ശേഷം ഇത്തരമൊരു സത്യവാങ്മൂലം നൽകാൻ പോലും തയ്യാറായിട്ടില്ലെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു. പുതിയ ലിസ്റ്റ് തയ്യാറാക്കാനോ നിലവിലുള്ള ലിസ്റ്റിൽ നിന്ന് നിയമനം നടത്താനോ സർക്കാർ തയ്യാറാകാത്തത് കോളേജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. 2022-ൽ തന്നെ നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നെങ്കിലും സർക്കാർ അത് നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. നിലവിൽ ഫയലുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണെന്നും വകുപ്പ് സെക്രട്ടറി അടക്കമുള്ളവർ ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.



إرسال تعليق

0 تعليقات