സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വലിയൊരു സാമൂഹ്യ, സാമ്പത്തിക വിപ്ലവമാണെന്നാണ് സര്‍ക്കാര്‍ അനുകൂല വൃത്തങ്ങളും ഗ്രൂപ്പുകളും വാദിച്ചിരുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും ഈ പദ്ധതി നല്‍കുമെന്നായിരുന്നു നിരീക്ഷണങ്ങള്‍. പദ്ധതി നടപ്പില്‍ വന്നിട്ട് ഒരു മാസത്തിലേറെയാകുമ്പോള്‍ അത് നാട്ടില്‍ വരുത്തിയിട്ടുള്ള നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.പ്രിയദര്‍ശിനി പദ്ധതി മൂലം വലഞ്ഞ പ്രൈവറ്റ് ബസ് ജീവനക്കാരെക്കുറിച്ചും വരുമാനനഷ്ടത്തെക്കുറിച്ചുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയെങ്കില്‍ അധികമാരും ശ്രദ്ധിക്കാത്ത ചില നാട്ടുമ്പുറത്തെ പ്രിയദര്‍ശിനി വിശേഷങ്ങളെക്കുറിച്ചാണ് ഈ വൈറല്‍ പോസ്റ്റിലെ ചര്‍ച്ച. ടിസി രാജേഷ് സിന്ധു, ബിജു മാത്യു വെമ്പാണി തുടങ്ങിയവരുടെ പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. 40 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലേക്ക് പ്രിയദര്‍ശിനി ബസില്‍പ്പോയി മന്തി കഴിക്കുന്ന പെണ്‍മക്കളെക്കുറിച്ചും ടൗണില്‍പ്പോയി വിലക്കുറവില്‍ പച്ചക്കറി വാങ്ങുന്ന അമ്മാമ്മമാരെക്കുറിച്ചും പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. പത്ത് രൂപ റിട്ടേണ്‍ കാശ് കൊടുത്ത് ഓട്ടോയ്ക്ക് പോയിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ പ്രിയദര്‍ശിനി ബസ് കാത്തുനില്‍ക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. വീടിനു പുറത്ത് അധികം സ്ഥലത്തേക്കൊന്നും യാത്ര ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ഇപ്പോഴിത് സുവര്‍ണാവസരംകൂടിയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് കൂടുതലും അര്‍ഹതയില്ലാത്തവര്‍ക്കാണെന്ന വിമര്‍ശന കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.






0 Comments