സ്ത്രീകള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍; നവമാധ്യമങ്ങള്‍ നീതി കാട്ടണമെന്ന് വനിത കമ്മീഷനംഗം


സ്ത്രീത്വത്തെ ഹനിക്കുന്ന വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ നീതി കാട്ടണമെന്ന് വനിത കമ്മീഷനംഗം അഡ്വ. പി. കുഞ്ഞായിഷ. കണ്ണൂര്‍ കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ കമ്മീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികളെയും സ്ത്രികളെയും നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാതികള്‍ വനിത കമ്മീഷന് മുന്നില്‍ കൂടിവരുന്നു. ഓണ്‍ലൈന്‍ ഉപയോഗങ്ങളില്‍ സ്ത്രീകൾ ജാഗ്രത പുലര്‍ത്തണം. മുമ്പ് ഗാര്‍ഹിക പീഢന പരാതികളായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതികളാണ്. കോടതിയില്‍ ഉള്ളതും പോലീസ് അന്വേഷിക്കുന്നതുമായ പരാതികളില്‍ തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുമ്പോള്‍ തകരുന്നത് പരാതി നല്‍കിയവരുടെയോ ഇരയായവരുടെയൊ കുടുംബമാണെന്ന് കമ്മീഷൻ അംഗം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ പരാതിക്കാരോ എതിര്‍ കക്ഷികളോ ആകുന്ന വാര്‍ത്തകളില്‍ നിയമപരമായ കാര്യങ്ങളും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കണം. സിറ്റിങ്ങില്‍ 48 പരാതികള്‍ പരിഗണിച്ചതിൽ ഒൻപതെണ്ണം തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 32 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ലഭിച്ച മൂന്ന് പരാതികള്‍ ഫയലില്‍ സ്വീകരിച്ചു. വഴിതര്‍ക്കം, സാമ്പത്തിക തട്ടിപ്പുകള്‍, ഗാര്‍ഹിക പീഢനങ്ങള്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള പരാതികളാണ് ജില്ലയില്‍ കൂടുതലായി വന്നത്.



Post a Comment

0 Comments