അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജിയിൽ അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ. ശ്വേതയുടെ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വാദം കേൾക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം വിലക്കിയതിൽ രമേശ് പിഷാരടിയും എതിർപ്പ് അറിയിക്കും. പിഷാരടിയുടെ വാദം ഈ മാസം 27 ന് കോടതി കേൾക്കും.അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നായിരുന്നു ശ്വേതയുടെ ഹർജി. അമ്മയുടെ ഭരണസമിതി രാജിവച്ചാൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചുമതല രാജിവച്ച സമിതിക്ക് തന്നെയായിരിക്കും. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഒരു ഭാഗത്ത് നിയമപരമായി ശ്വേത മേനോൻ പോകുമ്പോൾ ശ്വേതയ്ക്ക് എതിരെ ഗുരുതര സാമ്പത്തിക ക്രമക്കേടും, രാഷ്ട്രീയ ഡീലും ഉൾപ്പെടെ ആരോപിച്ചു കൊണ്ടാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. ശ്വേതാ മേനോന്‍ അമ്മയെ ആകെ പ്രതിസന്ധിയിലാക്കിയെന്നാണ് ഉഷ ഹസീനയും മാലപാർവതിയും , അൻസിബയും പറയുന്നത്. അമ്മയെ കാവിവത്കരിക്കാനാണ് ശ്വേതയുടെ ശ്രമമെന്ന ഗുരുതര ആരോപണവുമായിട്ടാണ് നടിമാർ രംഗത്ത് എത്തിയത്. അമ്മയില്‍ നിന്ന് സ്ഥാനാര്‍ഥികളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശ്വേത ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങി. ഇത് ബാബുരാജ് ജനറല്‍ ബോഡിയില്‍ ഉന്നയിച്ചപ്പോള്‍ ശ്വേതക്ക് മറുപടിയിലില്ലായിരുന്നു എന്നും നടിമാർ പറഞ്ഞു.
വിവാദ ദല്ലാൾ നന്ദകുമാറിന്റെ കയ്യിൽ നിന്നും സംഘടനയ്ക്കായി ഒരു കോടി രൂപ വാങ്ങിയെന്ന് ആദ്യം പറയുന്നു, പിന്നീട് റിപ്പോർട്ട് വന്നപ്പോൾ അത് 75 ലക്ഷം ആയെന്നും ബാക്കി 25 ലക്ഷം രൂപ എവിടെ എന്നത് വ്യക്തമാക്കണം എന്നാണ് ആവശ്യം. അമ്മയുടെ അംഗത്വത്തിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും ഔദ്യോഗികമായി രാജിവച്ചു. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ അമ്മയുടെ സ്ത്രീവിരുദ്ധമായ നിലപാടുകളിൽ പ്രതിഷേധിച്ച് ഇരുവരും സംഘടനയിൽനിന്ന് പുറത്തു പോകുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങൾ ഉന്നയിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ സംഘടന നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇരുവരും രാജിക്കത്ത് ഔദ്യോഗികമായി നൽകിയത്.





0 Comments