പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിക്കുന്ന കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നതെന്നും അത് ഇവിടെ നിലവിലുളള നിരക്കില്‍ മാത്രമാണെന്നും കെ സച്ചിദാനന്ദൻ ചൂണ്ടിക്കാണിച്ചു. ചിലപ്പോൾ പ്രതിഫലം അതിലും കുറയുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. തികച്ചും ലജ്ജാകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും അത് പിന്‍വലിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ജോലിയെടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നും കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകി പോകുകയാണെന്നുമായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. കേരളത്തിൻ്റെ സാമ്പത്തിക അടിത്തറയെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് സർക്കാർ വിശദമായി പഠിക്കണമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ നിലവിൽ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വ്യാപക വിമർശനത്തിന് ഇടയാക്കിയ നിലപാടുകൾ വി ഡി സതീശൻ പറഞ്ഞത്. വി ഡി സതീശൻ്റെ പരാമർശങ്ങൾ വംശീയതയുടെയും അപരവിദ്വേഷത്തിന്റെയും ഭാഷയാണെന്ന വ്യാപക വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നിരുന്നു.





0 Comments