മലപ്പുറം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിഴിഞ്ഞത്തെ കടല്‍ കൊള്ളാമെന്ന് പറഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ വീണ്ടും കടല്‍ക്കൊള്ളയായിരിക്കുന്നു എന്നാണ് എഡിറ്റോറിയലിലെ പരിഹാസം. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ വിഴിഞ്ഞം തൂക്കി വില്‍ക്കുന്നു എന്നായിരുന്നു ദേശാഭിമാനി നിലപാട്. പിന്നീടത് 5,000 കോടിയുടെ അഴിമതി എന്നായി. ഭരണം മാറി എല്ലാത്തിന്റേയും കാരണഭൂതന്‍ പിണറായി വന്നപ്പോള്‍ അത് സ്വന്തം മിടുക്കാക്കി മാറ്റുകയും സിപിഐഎമ്മിന്‍റെ വിജയമാക്കുകയും ചെയ്തു. അദാനി ചോദിച്ചതെല്ലാം വാരിക്കോരിക്കൊടുത്തവരാണ് എല്‍ഡിഎഫ് എന്നും ചന്ദ്രികയില്‍ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്ലാം എതിര്‍ക്കുക എന്നതാണ് സിപിഐഎം നിലപാട്. ഗെയില്‍ പൈപ്പ്‌ലൈനിലും ദേശീയ പാതാ വികസനത്തിലുമെല്ലാം ആദ്യം എതിര്‍ക്കുകയും അധികാരത്തിലെത്തിയപ്പോള്‍ നടപ്പിലാക്കുകയും ചെയ്ത നിലപാടാണ് ഇടതുപക്ഷത്തിന്റേത്. എംഎസ്‌സിക്ക് ഓഹരികൈമാറുന്ന വിവരം പുറത്തുവന്നപ്പോള്‍ ദേശാഭിമാനി എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചെന്നും പിണറായി കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയെന്നും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രി കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നെന്ന പ്രതിപക്ഷ വിമര്‍ശനത്തിലും വി ഡി സതീശനെ പിന്തുണക്കുന്നതാണ് എഡിറ്റോറിയല്‍. കാര്യപ്രാപ്തിയുള്ളവര്‍ക്ക് എത്ര വകുപ്പ് വേണമെങ്കിലും കൈകാര്യം ചെയ്യാനാകുമെന്നാണ് പരാമര്‍ശം. പിണറായിക്ക് പിആര്‍ ഏജന്‍സികള്‍ എഴുതിക്കൊടുക്കുന്നത് വായിക്കാനായിരുന്നു യോഗമെന്നും നിലവിലെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സികള്‍ വേണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു. പിണറായിയുടെ പെര്‍ഫോമന്‍സ് കണ്ട് സ്വന്തം എംഎല്‍എമാര്‍ക്ക് പോലും സഹതാപം തോന്നുകാണെന്നും ചന്ദ്രികയിൽ പരിഹാസം.




0 Comments