ഇന്നലെ ഹരിതകർമസേന വന്നില്ല... കാരണം പരീക്ഷയായിരുന്നു.

 



ഇരിട്ടി: ഇന്നലെ ഇരിട്ടി നഗരസഭ, പേരാവൂർ, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലെ ചില വീടുകളിൽ ഹരിതകർമസേനാംഗങ്ങൾ പതിവുപോലെ എത്തിയില്ല. എന്നാൽ അത് ജോലിമുടക്കോ അവധിയോ ആയിരുന്നില്ല, തങ്ങളുടെ ജീവിതത്തിന്റെ പുതിയൊരു അധ്യായം കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. പേരാവൂർ പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളായ രജനി പി.പി (50), പ്രമീള എ. (46), മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ പദ്മജ(63), ഇരിട്ടി നഗരസഭയിലെ ജാനകി കക്കത്ത് (64) എന്നിവരാണ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.


ചെറുപ്പത്തിൽ കുടുംബബാധ്യതകളും സാമ്പത്തിക പ്രയാസങ്ങളും കാരണം പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്ന ഈ വനിതകൾ, വർഷങ്ങൾക്ക് ശേഷം വീണ്ടും പുസ്തകങ്ങൾ തുറക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ   ചാക്കുകൾ ഏന്തിയിരുന്ന കൈകളിൽ ഇന്നലെ പേനയും ഉത്തരക്കടലാസുമായി അവർ പരീക്ഷാഹാളിലേക്ക് ചുവടുവെച്ചത് അഭിമാനത്തോടെയായിരുന്നു. ദിവസവും വീടുകളിലെത്തി മാലിന്യശേഖരണം നടത്തുന്ന ജോലിക്കിടയിലും കുടുംബജീവിതത്തിനൊപ്പം വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന ഇവരുടെ ദൃഢനിശ്ചയം സമൂഹത്തിന് വലിയൊരു മാതൃകയാണ്.


പഠനത്തിന് പ്രായം തടസ്സമല്ല, പഠിക്കാനുള്ള മനസ്സാണ് ഏറ്റവും വലിയ യോഗ്യതയെന്ന് തെളിയിച്ച ഈ വനിതകൾ ഇന്ന് നാടിന് തന്നെ അഭിമാനമായി മാറുകയാണ്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പൂർത്തിയാക്കിയ ഇവർ ഇവിടെ പഠനം അവസാനിപ്പിക്കുന്നില്ല. സാക്ഷരതാ മിഷന്റെ തുല്യതാ ക്ലാസുകളിലൂടെ പത്താം ക്ലാസും പ്ലസ് ടു പരീക്ഷയും വിജയിച്ച് കോളേജ് വിദ്യാഭ്യാസം നേടണമെന്നാണ് ഇവരുടെ ആഗ്രഹം. ചാക്കുകൾക്കൊപ്പം പുസ്തകങ്ങളും കൈയിലേന്തിയ ഈ ഹരിതകർമസേനാംഗങ്ങളുടെ യാത്ര, പഠനത്തിന് പ്രായമില്ലെന്നും ജീവിതത്തിന്റെ ഏതു വഴിയിലും വിദ്യാഭ്യാസമെന്ന പ്രകാശം പരത്താമെന്നും തെളിയിച്ചിരിക്കുകയാണ്.



إرسال تعليق

0 تعليقات