കെപിസിസി പുനഃസംഘടന; 'ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണം', രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി


തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിലപാട് ആവര്‍ത്തിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ജാതി സമവാക്യങ്ങളുടെ പേരില്‍ കേരളത്തില്‍ തീരുമാനമെടുക്കുന്ന രീതിയില്‍ നിന്നും പാര്‍ട്ടി പിന്തിരിയണമെന്നും പാരമ്പര്യവും പൈതൃകവും പ്രവര്‍ത്തന മികവുമായിരിക്കണം കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള മാനദണ്ഡമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ജാതി സമവാക്യങ്ങള്‍ അവസാനിച്ചാലേ പാര്‍ട്ടി നേതൃത്വം കരുത്തുറ്റതാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ സാഹചര്യം രൂക്ഷമായതിനാല്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അതിനുശേഷം തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്നെ കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തിയിരുന്നു. ആ ഘട്ടത്തിലും യോഗ്യത നോക്കിയായിരിക്കണം നേതൃമാറ്റം വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇവിഎം ഹാക്കിങ് ആരോപണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ വസ്തുതയാണെങ്കില്‍ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ മാത്രം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് താന്‍ പരാതി നല്‍കുമെന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയവര്‍ പരാതി നല്‍കാന്‍ തയ്യാറാവണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.



Post a Comment

0 Comments