അന്റാർട്ടിക്കയിലെ ‘രക്ത വെള്ളച്ചാട്ട’ത്തിന് പിന്നിലെ രഹസ്യം ഒടുവിൽ വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിലെ അത്ഭുതങ്ങളിൽ ഒന്നാണ് കടും ചുവപ്പ് നിറത്തിലുള്ള രക്ത വെള്ളച്ചാട്ടം അഥവാ ‘ബ്ലഡ് ഫോൾസ്’. 100 വർഷത്തിലേറെയായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസം.
അന്റാർട്ടിക്കയിലെ മക്മുർഡോ ഡ്രൈ വാലിസിലെ ടെയ്‌ലർ ഹിമാനിയിൽ നിന്ന് ബോണി തടാകത്തിലേക്കാണ് ഈ കടും ചുവപ്പ് വെള്ളച്ചാട്ടം ഒഴുകുന്നത്. പലപ്പോഴും ഇത് രക്തപ്രവാഹമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഗവേഷകർ ഈ പ്രതിഭാസത്തിന് പിന്നിലെ സത്യം കണ്ടെത്തിയിരിക്കുകയാണ്.
പ്രശസ്ത ഓസ്‌ട്രേലിയൻ ജിയോളജിസ്റ്റ് ഗ്രിഫിത്ത് ടെയ്‌ലർ ആണ് 1911ൽ ഈ അദ്ഭുത പ്രതിഭാസം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. അന്നുമുതൽ ഇതിന്റെ ഉത്ഭവത്തെക്കുറിച്ചും അസാധാരണമായ നിറത്തെക്കുറിച്ചും ഒട്ടനവധി ഊഹാപോഹങ്ങളും നിഗമനങ്ങളും വന്നുകൊണ്ടേയിരുന്നു. ഈ കടും ചുവപ്പ് വെള്ളച്ചാട്ടം ആദ്യമായി കാണുന്ന ഏതൊരാൾക്കും ഒരേസമയം ഭയവും അദ്ഭുതവും തോന്നുമെന്നുറപ്പ്. ഒരു വലിയ മുറിവിൽ നിന്നും രക്തം പ്രവഹിക്കുന്നത് പോലെ തോന്നിപ്പിക്കുമെങ്കിലും ഇതിന് ചോരയുമായി ഒരു ബന്ധവുമില്ല.
ഹിമാനിയുടെ ആഴങ്ങളിൽ കുടുങ്ങിക്കിടക്കുന്ന, ഇരുമ്പിന്റെ അംശം അത്യധികമായി അടങ്ങിയ ഉപ്പുവെള്ളമാണ് വെള്ളത്തിന് ചുവപ്പ് നിറം നൽകിയത്. കാരണം. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഹിമാനിയുടെ അടിത്തട്ടിൽ രൂപപ്പെട്ട ഒരു പുരാതന ഭൂഗർഭ ജലസംഭരണിയിൽ നിന്നാണ് ഈ വെള്ളത്തിന്റെ വരവെന്ന് ‘അന്റാർട്ടിക്ക സയൻസ്’ എന്ന പ്രശസ്ത സയൻസ് മാസികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അതായത്, ഹിമാനിയുടെ അടിയിൽ കുടുങ്ങിയ ഇരുമ്പ് സമ്പുഷ്ടമായ ഉപ്പുവെള്ളത്തിൽ നിന്നാണ് ബ്ലഡ് ഫാൾസ് രൂപപ്പെടുന്നത്.






0 Comments