വിഴിഞ്ഞത്തെ ഓഹരിവിൽപ്പന കുത്തകവത്കരണത്തിന് കാരണമാകും, മത്സരക്ഷമത തകർക്കും: അഹമ്മദ് ദേവർകോവിൽ


വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽ അദാനി കമ്പനിക്കുള്ള ഓഹരിവിൽപ്പന അത്യധികം അപകടകരമായ കുത്തകവത്കരണത്തിന് കാരണമാകുമെന്ന് മുൻ തുറമുഖമന്ത്രിയും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റുമായ അഹമ്മദ് ദേവർകോവിൽ. ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ഞ്ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. വിഴിഞ്ഞത്ത് ഇരുപത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ് എന്നതാണ് നിർമ്മാണ കരാർ. എന്നാൽ സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറാനുള്ള നിർമ്മാണ കമ്പനിയുടെ ഏകപക്ഷീയമായ ശ്രമങ്ങൾ പ്രഥമദൃഷ്ടിയിൽ തന്നെ നിയമവിരുദ്ധമാണെന്ന് അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാട്ടി. ഇതിനെതിരെ സാസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കേന്ദ്ര കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു ‘മൾട്ടി-ഓപ്പറേറ്റർ’ തുറമുഖമാക്കി മാറ്റാനാണ് കേരളം ലക്ഷ്യമിട്ടത്. എന്നാലിപ്പോൾ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി വിഴിഞ്ഞത്തെ കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇത് അനുവദിച്ചാൽ വിഴിഞ്ഞത്ത് മൾട്ടി ഓപ്പറേറ്റർ മാത്രമല്ല മൾട്ടി-ക്ലയിൻ്റ് സംവിധാനം പോലും ഇല്ലാതാകുമെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ, നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. മത്സരക്ഷമതയാണ് ഏതൊരു വിപണിയുടെയും ആണിക്കല്ല്. ആ മത്സരക്ഷമതയുടെ സർവ്വസാധ്യതയും തുടച്ചുനീക്കപ്പെടുമെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. രാജ്യത്തെ ഒരു ‘ഹൈലി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ’ ആയ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ഒരു ബഹുരാഷ്ട്ര കമ്പനിയുടെത് മാത്രമായി മാറുമ്പോൾ ദേശീയ സുരക്ഷാ താൽപര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവ് വരുത്താൻ ഇത്തരം സാമ്പത്തിക ക്രമീകരണങ്ങൾ ഇടയാക്കാനുള്ള സാധ്യതയും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.



Post a Comment

0 Comments