സുഗതന് അനുകൂലമായ സര്‍ക്കുലര്‍; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി; അന്വേഷണത്തിന് നിര്‍ദ്ദേശം


തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായ സർക്കുലറിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. രാഷ്ട്രീയ പ്രത്യാഘാതമുള്ള വിഷയത്തില്‍ മന്ത്രി അറിയാതെ സർക്കുലർ നല്‍കിയത് തെറ്റാണെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥയാണ് മന്ത്രി അറിയാതെ സർക്കുലർ നല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര വകുപ്പ് നല്‍കിയ സല്‍ക്കുറലായിരുന്നു സുഗതന് അനുകൂലമായി വന്നത്. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ വോട്ടിനിട്ട് അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കാമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളതായി മേയര്‍ വി വി രാജേഷ് പറഞ്ഞിരുന്നു. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതന് ആറ് മാസത്തെ അവധിയായിരുന്നു അനുവദിച്ചത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. കോണ്‍ഗ്രസ് വിമതനായ സുധീഷിന്റെ വോട്ടും സുഗതനായിരുന്നു. സുഗതന് എതിരെ നടന്നത് രാഷ്ട്രീയ നീക്കമാണെന്നും സുഗതന് വേണ്ടിയാണ് പിന്തുണ നല്‍കിയതെന്നും വ്യക്തിപരമായ ബന്ധമുണ്ടെന്നും സുധീഷ് പ്രതികരിച്ചു. നല്ലത് ചെയ്താല്‍ അതിനൊപ്പം നില്‍ക്കുമെന്നും കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതി മാറ്റി നിര്‍ത്തരുതെന്നും സുധീഷ് പറഞ്ഞു. കൗണ്‍സില്‍ നല്ല രീതിയില്‍ പോകണമെന്നും സുധീഷ് വ്യക്തമാക്കിയിരുന്നു. സുഗതന് അവധി നല്‍കിയതില്‍ പതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സുഗതന് അവധി നല്‍കിയത് ഏത് നിയമപ്രകാരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍ ചോദിച്ചു. അവധിയെ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് യുഡിഎഫ് പരാതി നല്‍കിയിരുന്നു. മേയറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് സിപിഐഎം കൗണ്‍സിലര്‍ എസ് പി ദീപക്കും പ്രതികരിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും ജനകീയ പ്രശ്നങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തില്ലെന്നും ദീപക് വ്യക്തമാക്കി.



Post a Comment

0 Comments