‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

 


ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയിലെ വിവാദത്തില്‍, പ്രസിഡന്റ് ശ്വേതാ മേനോന് എതിരെ രമേശ് പിഷാരടി. തനിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് വിമര്‍ശനം. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.തനിക്കെതിരെ ഒരു നിയമപരമായ കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. തന്റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുമാണ് ശ്വേതയുടെ നീക്കം.

അമ്മ സംഘടനയുടെ രേഖകളോ അധികാരമോ ഒരിക്കലും ഏറ്റെടുത്തിട്ടില്ല. അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം അടുത്ത ദിവസം തന്നെ ഒഴിഞ്ഞെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.അഡ്‌ഹോക്ക് കമ്മിറ്റിക്ക് എതിരെ ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ രമേശ് പിഷാരടി നിലപാട് അറിയിച്ചിരുന്നു. കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും, ഒഴിയുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണ് എന്നായിരുന്നു ശ്വേതാ മേനോന്റെ ഹര്‍ജിയിലെ ആരോപണം. അതിനിടെ, കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ കോടതിയെ സമീപിച്ചിട്ടുണ്ട്.അതേസമയം, നടി ലക്ഷ്മി പ്രിയക്കെതിരെ എഫ്‌ഐആര്‍ ഇടണമെന്ന് ആവശ്യപെട്ട് നടി അന്‍സിബ ഇന്ന് ഹൈകോടതിയെ സമീപിക്കും. ലക്ഷ്മി പ്രിയക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധവും നീതി നിഷേധവുമെന്ന് ചൂണ്ടികാണിച്ചാണ് അന്‍സിബ ഹൈകോടതിയെ സമീപിക്കുന്നത്. മാനനഷ്ട കേസിനുള്ള പരാതിയല്ല തനിക്കുള്ളത് സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള പരാതിയാണുള്ളതെന്നും അന്‍സിബ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷ്മിപ്രിയ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് അന്‍സിബ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.


Post a Comment

0 Comments