ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിലെ ഒരിക്കലും മറക്കാത്ത ചിത്രമാണ് റിയ അഹിറിന്റേത്. ആര്‍ത്ത് പെയ്യുന്ന മഴയെ വകവെക്കാതെ ഒറ്റയ്ക്ക് മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞു നിര്‍ത്തി രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴായിരുന്നു റിയയുടെ ഒറ്റയാള്‍ പോരാട്ടം. മഴയത്ത് ഹൂഡിയും തൊപ്പിയും ധരിച്ച് വാഹനത്തിന് മുന്നില്‍ നിന്ന റിയയുടെ ചിത്രം പാറ്റകളെ സ്‌നേഹിക്കുന്നവര്‍ ആഘോഷമാക്കി. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ഓണ്‍ലൈനില്‍ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് റിയ.സമരത്തില്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് അപ്പുറം, തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നതായി 27കാരിയായ റിയ ആരോപിക്കുന്നു. തന്റെ മോഡലിംഗ് കാലഘട്ടത്തിലെ പഴയ ഫോട്ടോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും കൃത്രിമം കാണിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുവെന്നാണ് റിയ പരാതിയില്‍ പറയുന്നത്. തന്നെയും കുടുംബാംഗങ്ങളെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നും അവര്‍ ആരോപിക്കുന്നു. പരാതി രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടതായി റിയ പറഞ്ഞു.നേരത്തെ, കോക്രോച്ച് ജനതാ പാര്‍ട്ടി പങ്കുവെച്ച റിയയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. ‘ഞങ്ങളുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് കുറഞ്ഞവരല്ല’ എന്ന ‘ദംഗല്‍’ സിനിമയിലെ ഡയലോഗ് ആയിരുന്നു അതിനൊപ്പം നല്‍കിയിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച അഹിര്‍, പൊലീസിനെ പരിഹസിക്കുന്ന തരത്തിലുള്ള കുറിപ്പും അതിനൊപ്പം ചേര്‍ത്തിരുന്നു.
താന്‍ ഒരു നീറ്റ് വിദ്യാര്‍ഥി അല്ലായിരുന്നു എന്ന് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവേ റിയ അഹിര്‍ പറഞ്ഞിരുന്നു. എങ്കിലും പരീക്ഷാ നടത്തിപ്പിലെ സുതാര്യത ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താന്‍ പങ്കെടുത്തതെന്നും റിയ കൂട്ടിച്ചേര്‍ത്തു.







0 تعليقات