കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍; ‘നടപടി പ്രതിഷേധാര്‍ഹം സിഐടിയു അതിശക്തമായി പ്രക്ഷോഭങ്ങളുമായി മുന്നോട്ട്’; വി ശിവന്‍കുട്ടി

 

കോറോ ഹെല്‍ത്ത് എന്ന ഐടി കമ്പനി, കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ ലേബര്‍ കോഡുകളുടെ മറവില്‍ 750 ല്‍ അധികം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം നേതാവും മുന്‍ തൊഴില്‍മന്ത്രിയുമായ വി ശിവന്‍കുട്ടി. നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കടുത്ത തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ച ജീവനക്കാരെ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും വ്യക്തമാക്കി.ഈ നടപടി കേരളം അംഗീകരിക്കില്ലെന്നും സിഐടിയു അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഐടി, ഐടി അനുബന്ധ മേഖലകളില്‍ ശക്തമായ തൊഴിലാളി സംഘടന സംവിധാനമില്ല. നിയമപരമായ നടപടികള്‍ ലംഘിച്ചാണ് തൊഴിലാളികളെ പുറത്താക്കിയത്. നിയമവിരുദ്ധ പിരിച്ച് വിടലിനെതിരെ ലേബര്‍ കമ്മീഷണറെ ബന്ധപ്പെടാന്‍ സിഐടിയു മുന്‍കൈ എടുക്കും. ലേബര്‍ കോഡുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അത് പരിശോധിച്ച് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം – അദ്ദേഹം പറഞ്ഞു.

ഐടി സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു പ്രതിഷേധിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഈ മേഖലയില്‍ ശക്തമായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരണം. അവര്‍ക്ക് എല്ലാവിധ സഹായവും സിഐടിയു ഉറപ്പ് നല്‍കും. കേരളത്തില്‍ സര്‍ക്കാരിന് ഇതില്‍ നിയമ നിര്‍മ്മാണം നടത്താം. കേരളത്തില്‍ ഇങ്ങനെ നടപ്പിലാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ എന്തായിരിക്കും അവസ്ഥ. ഐടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ സിഐടിയു ഇടപെടും. സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ കമ്പനി അംഗീകരിക്കുമോ എന്നറിയില്ല. പൊലീസിനെ വച്ച് നിയമപരമായി സര്‍ക്കാരിന് ഇടപെടാം – അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments