അന്ന് പത്തുരൂപയ്ക്ക് വാങ്ങിയ ലഘുഭക്ഷണം; പോപ്കോൺ സിനിമാ തിയേറ്ററുകളിലെ താരമായത് എങ്ങനെ?

 

മാസത്തിലൊരിക്കലെങ്കിലും തിയേറ്ററുകളിലെത്തി സിനിമ കാണാത്തവർ ചുരുക്കമായിരിക്കും. സിനിമ കാണാനായി കയറുമ്പോൾ കൈയിൽ എന്തെങ്കിലും ലഘുഭക്ഷണം കരുതാത്തവരും വിരളമായിരിക്കുമല്ലേ. അക്കൂട്ടത്തിൽ താരമായി നിൽക്കുന്ന ഒരു ​​ലഘുഭക്ഷണമാണ് പോപ്കോൺ. സാമ്പത്തികമാന്ദ്യ കാലത്ത് തെരുവോരങ്ങളിൽ കുറഞ്ഞ വിലയ്ക്ക് കിട്ടിയ പോപ്കോൺ ഇന്ന് സിനിമാ തിയേറ്ററുകളിലെ അവിഭാജ്യഘടകമാണ്. വ്യത്യസ്ത രുചിയിലും പാക്കറ്റിലും പോപ്കോൺ വിപണിയിൽ തിളങ്ങുകയാണ്. എങ്ങനെയാണ് പോപ്കോണിന് ഇത്രയും സ്വീകാര്യത ലഭിച്ചതെന്ന് ഒരുതവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

200 രൂപ മുതൽ 1000 രൂപവരെയാണ് തിയേറ്ററുകളിൽ പോപ്കോണിന്റെ വില. അതായത് സിനിമാ കാണാൻ ചെലവാക്കുന്ന പണത്തേക്കാൾ ഒരാൾ പോപ്കോൺ വാങ്ങാൻ പണം ചെലവാക്കുന്നുവെന്നതാണ് വാസ്തവം. മൾട്ടിപ്ലക്‌സുകളിലെ പോപ്‌കോണിന്റെ അമിത വിലയെക്കുറിച്ച് പലരും പരാതിപ്പെടുന്നതിൽ അതിശയിക്കാനില്ല. ഗൗർമെറ്റ് പോപ്‌കോർണിക്ക പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ എസ്.ബി.പി പട്ടാഭി രാമ റാവു പറയുന്നതനുസരിച്ച്, പോപ്‌കോണിന്റെ കഥ സിനിമയുടെ തന്നെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ്.


വെണ്ണ മുതൽ ബോൾഡ് ഫ്ലേവറുകൾ വരെ

പോപ്‌കോണിന്റെ പരിണാമം വെള്ളിത്തിരയിൽ മാത്രം ഒതുങ്ങി നിന്നിട്ടില്ല. ഉപഭോക്തൃ മുൻഗണനകൾ ലഘുഭക്ഷണത്തിലെ ഏറ്റവും പരീക്ഷണാത്മക വിഭാഗങ്ങളിലൊന്നായി പോപ്‌കോണിനെ മാറ്റിമറിച്ചു. വെണ്ണ, കാരമൽ ഫ്ലേവറുകളിലുള്ള പോപ്കോണുകൾ ഇപ്പോഴും ക്ലാസിക് രുചികളായി തുടരുകയാണ്. അതുപോലെ മനോഹരമായ ടിന്നുകൾ, ക്യൂറേറ്റഡ് ടേസ്റ്റിംഗ് ബോക്സുകൾ, സബ്‌സ്‌ക്രിപ്‌ഷൻ കളക്ഷനുകൾ, ലിമിറ്റഡ് എഡിഷൻ ഫ്ലേവറുകൾ എന്നിവ പോപ്‌കോണിനെ ഒരു ഇംപൾസ് പർച്ചേസിൽ നിന്ന് ഒരു ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഈ പരിവർത്തനം വിശാലമായ ഉപഭോക്തൃ പെരുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഗലാജി സ്‌പൈസസിന്റെ സിഒഒ കൃപ ഗാല പറയുന്നു. ഉപഭോക്തൃ അഭിരുചികൾ വളർന്നുവരുന്നതും അനുഭവപരിചയത്തോടെയുള്ള ഭക്ഷണത്തോടുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന അഭിരുചിയും കാരണം പോപ്‌കോൺ ഏറ്റവും വൈവിധ്യമാർന്ന ലഘുഭക്ഷണ ഫോർമാറ്റുകളിൽ ഒന്നായി മാറിയിരിക്കുന്നുവെന്നാണ് കൃപ ​ഗാല പറയുന്നത്.

എന്തുകൊണ്ട് തിയേറ്ററുകളിൽ പോപ്കോണിന് ഇത്ര വില

പിവിആർ മൾട്ടിപ്ലക്സ് മേധാവി അജയ് ബിജിലി ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തോട് പ്രതികരിക്കുകയുണ്ടായി. ബിഗ് സ്‌ക്രീനിൽ ഒരു സിനിമ കാണുമ്പോൾ പോപ്കോണിനും ഉയർന്ന വില നൽകേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. കമ്പനിയെ സംബന്ധിച്ച് ഇതിലെ യുക്തി വളരെ ലളിതമാണ്. ഒരു മൾട്ടിപ്ലക്സിൽ ഒന്നിലധികം സ്‌ക്രീനുകൾ ഉണ്ടായിരിക്കും. കുറഞ്ഞത് 6 സ്‌ക്രീനുകൾ എങ്കിലും. ഇതെല്ലം എയർകണ്ടീഷൻ ചെയ്തിരിക്കണം. മറ്റ് അറ്റകുറ്റ പണികളും വൈദ്യതി ബില്ലും സ്ഥലത്തിനായി മാളുകൾക്ക് നൽകുന്ന വാടകയും ഉണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കണമെങ്കിൽ വില താരതമ്യേന ഉയർത്തിയെ മതിയാകുകയുള്ളു. പിന്നെ പോപ്കോൺ ഉണ്ടാക്കുന്നതിലെ മാറ്റങ്ങളും വില കൂട്ടാൻ കാരണമായിട്ടുണ്ട്. ഇത്രയും ചെലവുകൾ വരുമ്പോൾ ബിജിലിയുടെ അഭിപ്രായത്തിൽ, പോപ്‌കോണിന്റെ വില തികച്ചും ന്യായമാണെന്നാണ്.



إرسال تعليق

0 تعليقات