പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ തുറന്നടിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്ന് സിപിഐ നേതാവ് പി പി സുനീര്‍ പ്രതികരിച്ചു. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി പറഞ്ഞത് പാര്‍ട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഐഎം വ്യക്തമാക്കണമെന്നും സുനീര്‍ പറഞ്ഞു. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും പി എം ശ്രീ യില്‍ ഉള്‍പ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും സുനീർ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ പരസ്യ പ്രതികരണം നടത്താന്‍ നേരത്തെ തന്നെ സിപിഐ തീരുമാനിച്ചിരുന്നു. ഇന്നലെ കണ്ണൂരില്‍ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. അത് അടഞ്ഞ അദ്ധ്യായമാണെന്നും അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു പിണറായി പ്രതികരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം തങ്ങളെ അപമാനിക്കുന്നതാണെന്നാണ് സിപിഐ വിലയിരുത്തൽ. സിപിഐഎമ്മിന്‍റെ ഏകാധിപത്യ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പിണറായിക്ക് മറുപടി നല്‍കണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് പി പി സുനീറിന്റെ പ്രതികരണം.അതേസമയം എല്‍ഡിഎഫ് മുന്നണി യോഗം ചേരാന്‍ കഴിയാത്തതിലും വിവാദം പുകയുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐ ആവശ്യപ്പെടുമെന്ന് കണ്ടാണ് മുന്നണി യോഗം വിളിക്കാത്തതെന്നാണ് ആരോപണം. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നെന്നും അദ്ദേഹം തിരിച്ചു വന്ന പശ്ചാത്തലത്തില്‍ ഉടന്‍ മുന്നണി യോഗം ചേരുമെന്നുമായിരുന്നു പിണറായി വിജയന്റെ വിശദീകരണം.





0 Comments