ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നിരാഹാര സമരം ആരംഭിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കയ്യേറ്റ ശ്രമം. ഒരു സ്ത്രീയാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അഭിജീത് മറ്റ് പ്രവര്‍ത്തകരോടൊപ്പം സംസാരിച്ച് നില്‍ക്കവേ ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ സ്ത്രീ അഭിജീതിന്റെ മുഖത്തേക്ക് മഷി കുടയുകയായിരുന്നു. ഇവര്‍ ജയ്ശ്രീറാം വിളിച്ചാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇവര്‍ വളരെ വേഗത്തില്‍ എത്തി ആക്രമണം നടത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നാലെ പ്രവര്‍ത്തകരാകെ ഈ സ്ത്രീക്ക് ചൂറ്റും കൂടി. തൂടര്‍ന്ന് പൊലീസ് എത്തി ഇവരെ അവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുന്ന സാഹചര്യവുമുണ്ടായി. അതേസമയം സോനം വാങ്ചുക്കിനെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്നാലശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആഗ്‌മോ രംഗത്തെത്തി. ആവശ്യം ഉന്നയിച്ച് സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് ഇവര്‍ കത്ത് നല്‍കിയിരിക്കുകയാണ്. വാങ്ചുക്കിനെ സ്വന്തം താൽപര്യപ്രകാരമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന്റെ അനുവാദം കൂടാതെ വാങ്ചുക്കിന് മരുന്നോ ഭക്ഷണമോ നല്‍കരുതെന്നും ഗീതാഞ്ജലി ആവശ്യപ്പെട്ടു. സോനം വാങ്ചൂക്കിന്റെ അറസ്റ്റിന് പിന്നാലെ നിരവധി സംഘടനകള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തുകയാണ്. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും നിരാഹാര സമരത്തിലേക്ക് കടക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും എസ്എഫ്‌ഐ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കും വരെ സമരം തുടരുമെന്ന് ആദര്‍ശ് എം സജി നേരത്തെ തന്നെ പറഞ്ഞിരുന്നു. പൊലീസ് നടപടി അംഗീകരിക്കില്ലെന്നും സോനത്തെ കസ്റ്റഡിയില്‍ എടുത്തത് സമരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും അല്‍പസമയത്തിനകം ജന്തര്‍ മന്തറില്‍ എത്തിച്ചേരും. സിജെപിക്ക് പുറമേ എസ്എഫ്‌ഐ, ഐസ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുകയാണ് സംഘടനകള്‍. അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയമായിരുന്നു സോനം വാങ്ചുക്കിനെതിരായ പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭിജിത് ദീപ്കെ വീട്ടുതടങ്കലിലാണെന്ന് സിജെപി ആരോപിച്ചിരുന്നു. താമസ സ്ഥലത്ത് പൊലീസ് തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയാണ് ചെയ്തത്.





0 Comments