ദൈനംദിന ജീവിതത്തിൽ നമ്മളിൽ പലരും അനുഭവിക്കുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് നടുവേദന. തെറ്റായ കിടത്തം, പേശിവലിവ് ഇവയെല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ, വിട്ടുമാറാത്ത എല്ലാ നടുവേദനകളും ഈ കാരണങ്ങൾ കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. നിരന്തരമായി കഠിനമായ നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വൃക്കയിലെ കല്ലുകളുടെ ലക്ഷണമാകാം.
നടുവേദന, വയറിൻ്റെ വശങ്ങളിൽ വേദന എന്നിവയുമായി എത്തുന്ന രോഗികളിൽ കൂടുതൽ പേർക്കും പരിശോധനയിൽ വൃക്കയിലെ കല്ലുകളാണെന്ന് കണ്ടെത്തിയിരുന്നതായി അക്കാദമിക് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലെത്തിയ 5,000ത്തിലധികം രോഗികളിലും വൃക്കയിൽ കല്ലുകൾ കണ്ടെത്തിയതായും പഠനത്തിൽ വ്യക്തമാക്കുന്നു. വൃക്കയിലെ കല്ലുകൾ നേരത്തെ കണ്ടെത്തി ചികിത്സിക്കാതിരുന്നാൽ അണുബാധയ്ക്കും പിന്നീടത് വൃക്ക തകരാറിലാകുന്നതിനും കാരണമാകും.
നടുവേദനയെന്ന് തെറ്റിദ്ധരിക്കുന്ന എന്നാൽ വൃക്കയിലെ കല്ലിൻ്റേതായ 10 പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയെന്ന് വിശദമായി പരിശോധിക്കാം.
1. നടുവിന്റെ ഒരു വശത്ത് മാത്രം വരുന്ന വേദന
സാധാരണ നടുവേദന നടുവിൻ്റെ പല ഭാഗങ്ങളിലും വരാം. എന്നാൽ വൃക്കയിൽ കല്ലുള്ളവർക്ക് വേദന സാധാരണയായി ഒരു വശത്ത്, വാരിയെല്ലുകൾക്ക് താഴെയായി നട്ടെല്ലിന് സമീപമാണ് അനുഭവപ്പെടുക. ഇത് പിന്നീട് അടിവയറ്റിലേക്കോ അടിവയറ്റിൻ്റെ താഴത്തെ ഭാഗങ്ങളിലേക്കോ കാലക്രമേണ വ്യാപിക്കും.
2. ഇടവിട്ടുണ്ടാകുന്ന കഠിനമായ വേദന
നടുവേദന പലപ്പോഴും നീണ്ടുനിൽക്കാറുണ്ട്. എന്നാൽ വൃക്കയിൽ കല്ലുള്ള ഒരാൾക്ക് ഇടവിട്ടാണ് നടുവേദന വരുക. മൂത്രനാളിയിലൂടെ കല്ല് നീങ്ങുമ്പോൾ പെട്ടെന്ന് കഠിനമായ കുത്തുപോലുള്ള വേദന അനുഭവപ്പെടുകയും പിന്നീട് കുറച്ചു സമയത്തേക്ക് ആശ്വാസം തോന്നുകയും ചെയ്യും.
3. ശരീരം അനക്കിയാലും മാറാതെ നിൽക്കുന്ന വേദന
ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ കുനിഞ്ഞു നിവർന്നു വിശ്രമിക്കുമ്പോഴോയൊക്കെ സാധാരണയായി നമ്മുക്ക് നടുവേദനയ്ക്ക് താൽക്കാലികമായി ആശ്വാസം ഉണ്ടാകാറുണ്ട്. എന്നാൽ വൃക്കയിലെ കല്ലു മൂലമുള്ള വേദന ശരീരത്തിന്റെ ഏത് അവസ്ഥയിലും ഒരുപോലെ തുടരുകയും കല്ല് നീങ്ങുന്നതിനനുസരിച്ച് വേദന കൂടുകയും ചെയ്യും.
4. പെട്ടന്നുണ്ടാകുന്ന സഹിക്കാൻ കഴിയാത്ത വേദന
വൃക്കയിലെ കല്ലിൻ്റെ വേദന മനുഷ്യന് അനുഭവിക്കാവുന്ന ഏറ്റവും കഠിനമായ വേദനകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഇതിന് ഏറ്റവും പ്രധാന കാരണം ഈ വേദന വരുന്നത് ഒട്ടും മുന്നറിയിപ്പില്ലാതെയാണ്.
5. മൂത്രത്തിൽ രക്തത്തിൻ്റെ സാന്നിധ്യം
മൂത്രമൊഴിക്കുമ്പോൾ രക്തം പുറത്തുവരുന്നുണ്ടെങ്കിൽ അത് വൃക്കയിലെ കല്ല് കാരണമാകാം. മൂത്രനാളിയിലൂടെ കല്ല് നീങ്ങുമ്പോൾ അതിലെ കോശങ്ങളിൽ ഉരസുന്നത് കാരണമാണ് മൂത്രത്തിലൂടെ രക്തം പുറത്തുവരുന്നത്. ഈ സമയത്ത് മൂത്രം പിങ്ക്, ചുവപ്പ് അല്ലെങ്കിൽ തവിട്ടുനിറത്താലാണ് കാണപ്പെടുക.
6. മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും
കല്ലുകൾ മൂത്രസഞ്ചിയെയോ മൂത്രനാളിയെയോ ഉരസുന്നത് മൂലം മൂത്രമൊഴിക്കുമ്പോൾ കഠിനമായ എരിവും പുകച്ചിലും അനുഭവപ്പെടാം. പലരും ഇത് സാധാരണ മൂത്രനാളിയിലെ അണുബാധയായി കണ്ട് തള്ളിക്കളയുകയാണ് പതിവ്.
7. ഇടയ്ക്കിടെയുള്ള മൂത്രശങ്ക
വൃക്കയിലെ കല്ല് മൂത്രസഞ്ചിക്ക് സമീപത്തേക്ക് എത്തുമ്പോഴാണ് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുന്നത്. എന്നാൽ ഈ സമയത്ത് വളരെ കുറച്ച് മൂത്രം മാത്രമാണ് പുറത്ത് പോകുക.
8. മൂത്രത്തിനുണ്ടാകുന്ന നിറവ്യത്യാസവും ദുർഗന്ധവും
മൂത്രം മങ്ങുകയോ, ഇരുണ്ട നിറമാകുകയോ, കടുത്ത ദുർഗന്ധം വരികയോ ചെയ്യുന്നത് വൃക്കയിലെ അണുബാധയുടെ ലക്ഷണമാകാം.
9. ഛർദ്ദി, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ
വൃക്കകളും ദഹനവ്യവസ്ഥയും ഒരേ നാഡി വ്യൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് വൃക്കയിലുണ്ടാകുന്ന ഏത് പ്രശ്‌നവും ദഹനപ്രശ്‌നമായി അനുഭവപ്പെട്ടേക്കാം. അതിനാൽ വൃക്കയിലെ കല്ലുകൾ ഓക്കാനം, ഛർദ്ദി, വയറുവീർപ്പ് എന്നിവയ്ക്കും കാരണമാകും.
10. പനിയും വിറയലും
നടുവേദനയ്ക്കൊപ്പം കഠിനമായ പനിയും വിറയലും അനുഭവപ്പെടുകയാണെങ്കിൽ അത് കല്ല് മൂലം വൃക്കയിലോ മൂത്രനാളിയിലോ ഗുരുതരമായ അണുബാധയുണ്ടായതിന്റെ കാരണമാകാം. സാധാരണ പനിയായി കണ്ട് ഉടൻ മാറുമെന്ന് കരുതി പലരും ചികിത്സ തേടാറില്ല.
ന്മേൽ പറഞ്ഞ ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ കേവലം നിർജലീകരണമായി കണ്ടോ, നടുവേദനയായി കണ്ടോ ഒരിക്കലും തള്ളിക്കളയരുത്. ഓർക്കുക, ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും വൃക്കയിൽ കല്ലുകളെ തടയാൻ സഹായിക്കും.


.gif)


0 تعليقات