കാഠ്‌മണ്ഡു: നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 768 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഏകദേശം 2500 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ ഭരണകൂടം വ്യക്തമാക്കുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെങ്കിലും മരണസംഖ്യ ഇനിയും വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. പ്രളയത്തിൽ മരിച്ച, ഇതുവരെ തിരിച്ചറിയപ്പെടാത്ത അനവധി മൃതദേഹങ്ങൾ വിവിധയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. പഴകിയ ശവശരീരങ്ങൾ ദുർഗന്ധത്തിനും മറ്റ് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ വേഗത്തിൽ സംസ്‌കരിക്കാനുള്ള നടപടികളിലേക്ക് നേപ്പാൾ ഭരണകൂടം കടക്കുകയാണ്. ഇതിൻ്റെ ഭാഗമായി എല്ലാ മൃതദേഹങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമാകും സംസ്‌കാര ചടങ്ങുകൾ നടത്തുക. പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നേപ്പാളും അയൽരാജ്യമായ ചൈനയും തമ്മിലുള്ള ഒരു തർക്കത്തിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനയുടെ അതിർത്തിക്കുള്ളിൽ ഹിമാനികൾ പൊട്ടിയുണ്ടായ വലിയ വെള്ളപ്പാച്ചിലാണ് പ്രളയത്തിന് കാരണമായതെന്നും, എന്നാൽ ചൈന ഇക്കാര്യം തങ്ങളെ മുൻകൂട്ടി അറിയിച്ചില്ലെന്നുമാണ് നേപ്പാൾ കുറ്റപ്പെടുത്തുന്നത്. എന്നാൽ നേപ്പാളിൻ്റെ ഈ ആരോപണങ്ങൾ ചൈനീസ് അധികൃതർ തള്ളിക്കളഞ്ഞു. ദുരന്തമേഖലയിൽ റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനങ്ങളാണ് ഇപ്പോഴും പ്രധാനമായും നടക്കുന്നത്. ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ ജീവനുള്ളവരെ കണ്ടെത്താനായിരുന്നു മുൻഗണന നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മൃതദേഹങ്ങൾ ഉൾപ്പെടെ എടുത്തുമാറ്റുന്ന രണ്ടാം ഘട്ടത്തിലേക്ക് രക്ഷാപ്രവർത്തനം മാറിയിട്ടുണ്ട്. ദുരന്തത്തിൽ നേപ്പാളിനെ സഹായിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ഇതിനോടകം തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. അവശ്യസാധനങ്ങളും സഹായങ്ങളുമായി ഇന്ത്യയുടെ നാലാമത്തെ വിമാനവും ഇന്ന് നേപ്പാളിൽ എത്തിച്ചേർന്നിട്ടുണ്ട്.


.gif)


0 تعليقات