എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്ന സംഭവം; വിമാനം 250 അടി താഴേക്ക് പെട്ടെന്ന് പതിച്ചു; പ്രാഥമിക അവലോകന റിപ്പോർട്ട്‌.

 

ഫുക്കറ്റ് – ഡൽഹി എയർ ഇന്ത്യവിമാനം പറക്കുന്നതിനിടെ താഴ്ന്നതിൽ, വിമാന നിർമാണ കമ്പിനി എയർബസിന്റെ പ്രാഥമിക അവലോകന റിപ്പോർട്ട്‌ പുറത്ത്. വിമാനം കുറഞ്ഞത് 250 അടി താഴേക്ക് പെട്ടെന്ന് പതിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. എയർ ഇന്ത്യയ്ക്ക് നിർണായക റിപ്പോർട്ട് കൈമാറി. വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ പരിശോധിച്ചു. വിമാനത്തിന്റെ പറക്കൽ വിവരങ്ങൾ നിർണായകമാകും. കൃത്യമായ കാരണം കണ്ടെത്താൻ ഇത് സഹായിക്കും.വിമാനത്തിന് നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് മെയിന്റനന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മര്‍ദ മുന്നറിയിപ്പ് രേഖപ്പെടുത്തി. രണ്ട് റിസര്‍വോയറുകളിലെ ദ്രാവക നിലയും കുറഞ്ഞിരുന്നു. ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. എലിവേറ്റര്‍ നിയന്ത്രണങ്ങളിലും തകരാര്‍ മുന്നറിയിപ്പ് ലഭിച്ചു. എമര്‍ജന്‍സി വാതിലുകളിലും മുന്നറിയിപ്പുകള്‍ ഉണ്ടായി – റിപ്പോര്‍ട്ടില്‍ പറയുന്നു.ആകാശച്ചുഴി കാരണമാണ് വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ചതെന്നായിരുന്നു എയര്‍ ഇന്ത്യയുടെ ആദ്യ വിശദീകരണം. എന്നാല്‍, ടര്‍ബുലന്‍സ് എന്ന പരാമര്‍ശം ഒഴിവാക്കിയാണ് പിന്നീട് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മറുവശത്ത് ക്യാപ്റ്റനും സംശയ നിഴലിലാണ്. ലാൻഡിംഗിന് പിന്നാലെ നടത്തിയ ലഹരി മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. കഞ്ചാവ് ഉപയോഗിച്ചോ എന്നാണ് സംശയം. എന്നാൽ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ഉറക്കം വരാനുള്ള മരുന്ന് കഴിച്ചിരുന്നെന്നുമാണ് ക്യാപ്റ്റൻ മൊഴി നൽകിയത്. ഇതാണ് ലഹരിയായി കണ്ടെത്തിയതെന്നാണ് വാദം.

യാത്രയ്ക്കിടെ അര മണിക്കൂറോളം ഉറങ്ങി. ശുചിമുറിയിൽ പോയി വന്ന ശേഷം സഹ പൈലറ്റിൻറെ പുറകിൽ നിൽക്കുമ്പോഴാണ് വിമാനം താഴ്ന്നതെന്നാണ് പറഞ്ഞത്. വീഴ്ച ആരുടേതാണെങ്കിലും കർശന നടപടി വേണമെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടരുതെന്നും എയർ ഇന്ത്യയോട് വ്യോമയാന സെക്രട്ടറി ആവശ്യപ്പെട്ടു. ലഹരി പരിശോധന ചട്ടങ്ങൾ കർശനമാക്കണമെന്ന് ഡിജിസിഎയ്ക്കും നിർദ്ദേശമുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് എതിരെ നടപടി ഉണ്ടായേക്കും.



Post a Comment

0 Comments