ബത്‍ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തിന് ശേഷം പ്രേമലു 2 വീണ്ടും ചർച്ചകളിൽ നിറയുകയാണ്. നടൻ നസ്‍ലന് കഥ ഇഷ്ടമാകാത്തത് കൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന് ഇപ്പോൾ നസ്‍ലനെതിരെ സൈബർ മേഖലയിൽ വലിയ പ്രചരണമാണ് നടക്കുന്നത്. മലയാള സിനിമ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രേമലു 2.
“പ്രൊഡ്യൂസേർസും അഭിനേതാക്കളും ഞങ്ങളെല്ലാവരും ഉറ്റുനോക്കിയ വലിയൊരു പടമായിരുന്നു പ്രേമലു 2. അത് പെട്ടെന്ന് വേണ്ടെന്ന് വെക്കേണ്ടി വന്നു. ഞാൻ തന്നെയാണ് വേണ്ടെന്ന് വെച്ചത്. മുന്നോട്ട് പോയിരുന്നെങ്കിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ പ്രേമലു 2 കഴിഞ്ഞിട്ടേ ഇനി എന്തുമുള്ളു എന്ന് ഞാൻ തീരുമാനിച്ചിരുന്നു. പ്രേമലുവിന് വേണ്ടി അത്രയും വർക്ക് ചെയ്തിരുന്നു.
പ്രേമലു ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് കടക്കുക എന്നത് മാനസികമായി വലിയ ടാസ്ക് ആയിരുന്നു. ആ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ബത്‍ലഹേം എഴുതേണ്ടി വന്നത്. ഇപ്പോൾ പടം ഹിറ്റടിച്ചു. സന്തോഷത്തേക്കാൾ ആശ്വാസമാണ് എനിക്ക് തോന്നിയത്. കാവ്യനീതി എന്നൊക്കെ പറയുന്നത് പോലെയാണ് ഇപ്പോഴുള്ള ഈ ഫലം.” – എന്നാണ് ഗിരീഷ് എഡി യൂട്യൂബ് ചാനലുകളിലെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. പ്രേമലു 2 ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു മറുപടി പറയുന്നില്ലെന്നും, ബത്‍ലഹേമിന്റെ വിജയത്തിന് ശേഷം പ്രേമലുവിനെ കുറിച്ച് സംസാരിച്ചാൽ അത്, ആരെയൊക്കെയോ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പോലെ ആളുകൾക്ക് തോന്നുമെന്നും ഗിരീഷ് പറയുന്നുണ്ട്. പ്രേമലു 2 വിനെ കുറിച്ച് പറയാനാണെങ്കിൽ ഒരു എപ്പിസോഡ് മതിയാകില്ലെന്നും അതിനുമാത്രം പറയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗിരീഷ് എഡി പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ഇപ്പോൾ വന്നിട്ടുള്ള അഭിമുഖങ്ങളിലെല്ലാം പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശ ഗിരീഷ് പ്രകടിപ്പിക്കുന്നുണ്ട്. അതേ സമയം നിവിൻ പോളിയുടെ സഹോദരനായി നസ്‍ലനെയാണ് ആദ്യം പരിഗണിച്ചതെന്ന വാർത്തകൾ ഗിരീഷ് നിഷേധിച്ചു. അങ്ങനെയൊരു ആലോചന ഉണ്ടായിട്ടില്ലെന്നും അങ്ങനെ സഹതാരമായി പരിഗണിക്കേണ്ട ആളല്ല ഇപ്പോൾ നസ്‍ലനെന്നും ഗിരീഷ് പറഞ്ഞു. പ്രേമലു 2 ഇനി ഉണ്ടാകില്ല എന്ന് തന്നെയാണ് ഗിരീഷ് ഉറപ്പിച്ച് പറയുന്നത്. അതേ സമയം ഗിരീഷിന്റെ വാക്കുകൾ ചേർത്ത് വെച്ച് നസ്ലിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.



.gif)


0 تعليقات