പകർപവകാശ ലംഘനം; ആന്ത്രോപ്പിക്കിനെതിരെ നിയമനടപടിക്കൊരുങ്ങി സോണി മ്യൂസിക്


പകർപവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്കിനെതിരെ നിയമനടപടിക്കൊരുങ്ങി സോണി മ്യൂസിക് പബ്ലിഷിംഗും വാർണർ ചാപ്പൽ മ്യൂസിക്കും. അനുമതിയില്ലാതെ തങ്ങളുടെ പകർപ്പവകാശമുള്ള സംഗീതം എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചു എന്നതാണ് ആന്ത്രോപിക് നേരിടുന്ന പ്രധാന ആരോപണം. യു എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച്, കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ ​ഗാനത്തിനും ഏകദേശം 150,000 ഡോളർ വരെയാണ് മ്യൂസിക് കമ്പനികൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. കൂടാതെ, പകർപ്പവകാശ വിവരങ്ങൾ നിയമവിരുദ്ധമായി നീക്കം ചെയ്ത ഓരോ കേസിനും 25,000 ഡോളർ വരെയും ആവശ്യപ്പെടുന്നുണ്ട്. പകർപവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആന്ത്രോപിക് നേരിടുന്ന ആദ്യത്തെ കേസല്ല ഇത്. പകർപവകാശമുള്ള പുസ്തകങ്ങളുടെ പേരിൽ എഴുത്തുകാരും പ്രസാധകരും നൽകിയ കേസിൽ കമ്പനി അടുത്തിടെ 150 കോടി ഡോളറിന്റെ ഒത്തുതീർപ്പിൽ എത്തിയിരുന്നു. ഇതിനുപുറമേ, യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്, കോൺകോർഡ്, എബികോ തുടങ്ങിയ പ്രമുഖ സംഗീത കമ്പനികളും ആന്ത്രോപ്പിക്കിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ പരാതി ആന്ത്രോപ്പിക്കിനെതിരെ മാത്രമല്ല. കമ്പനിയുടെ സഹസ്ഥാപകരായ ഡാരിയോ അമോഡി, ബെഞ്ചമിൻ മാൻ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.



Post a Comment

0 Comments