തമിഴ്, തെലുങ്ക് ഭാഷകളിലും തരംഗമാകാൻ ബത്‍ലഹേം കുടുംബ യൂണിറ്റ് ; ട്രെയിലർ ഇറങ്ങി


മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച, ​നിവിൻ പോളി – മമിത ബൈജു ചിത്രം ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ അതിർത്തി കടക്കുന്നു. തെന്നിന്ത്യയിലേക്കാണ് ആദ്യഘട്ടത്തിൽ ചിത്രം എത്തുന്നത്. ഇതിന്റെ ഭാ​ഗമായി തമിഴ്, തെലുങ്ക് ഭാഷകളിലുള്ള ട്രെയിലർ പുറത്തിറങ്ങി. രണ്ട് ഭാഷകളിലും നിവിൻ പോളിക്കും മമിത ബൈജുവിനും നിരവധി ആരാധകരുണ്ട്. മാത്രമല്ല, മമിത നായികയായി എത്തിയ സിനിമകളെല്ലാം തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റാണ്. സെപ്റ്റംബർ നാലിനാണ് തമിഴ്, തെലുങ്ക് പതിപ്പുകൾ പ്രദർശനത്തിനെത്തുക. ‘പ്രേമം’, ‘പ്രേമലു’ എന്നീ ചിത്രങ്ങൾ തെന്നിന്ത്യയാകെ തരം​ഗമായിരുന്നു. പ്രേമത്തിലെ നായകനും പ്രേമലുവിന്റെ സംവിധായകനും ഒരുമിക്കുന്ന ചിത്രം, മമിത ബൈജു നായിക, എന്നിവയെല്ലാം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. യൂട്യൂബിൽ ഒട്ടേറെ കാഴ്ചക്കാരെ ഇതിനകം ട്രെയിലർ സ്വന്തമാക്കി കഴിഞ്ഞു. തമിഴ് പതിപ്പിന്‍റെ വിതരണാവകാശം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്നാണ് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ബത്‍ലഹേം കുടുംബ യൂണിറ്റ് ഇതുവരെ ആ​ഗോളതലത്തിൽ 172 കോടി രൂപ കളക്ഷൻ സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 84 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ തന്നെ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് ചിത്രം എത്തും.



Post a Comment

0 Comments