കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന്. കൈക്കൂലി വാങ്ങാന്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും അടങ്ങുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ റാക്കറ്റ് മുമ്പും പലരില്‍ നിന്നും പണം തട്ടിയതായാണ് വിവരം. കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. പല വ്യക്തികളുടെയും റവന്യൂ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. പിടിയിലായ ഭൂരേഖ തഹസില്‍ദാര്‍ ജോസഫ് ആന്റണിയുടെ സ്വത്തുക്കളില്‍ വിശദമായ പരിശോധന നടത്തും. പത്ത് ലക്ഷം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ജോസഫ് ആന്റണിയും രണ്ട് ഏജന്റുമാരും പിടിയിലാവുന്നത്. ഇടനിലക്കാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായാണ് കൈക്കൂലിയായി ലഭിക്കുന്ന പണം വീതിച്ച് നല്‍കിയിരുന്നത്.2018 മുതല്‍ കൊച്ചിയിലെ ഒരു ഭൂവുടമ അദ്ദേഹത്തിന്റെ പുരയിടത്തിന് നികുതി അടച്ചുവന്നിരുന്നു. ഇതിനിടെ ജോസഫ് ആന്റണി ഏജന്റുമാര്‍ മുഖേന ഈ പുരയിടം നിലമാണെന്ന് കാട്ടി പരാതി നല്‍കി. പരാതി ഒതുക്കി തീര്‍ക്കാന്‍ താലൂക്ക് ഓഫീസിലേക്ക് ഭൂവുടമയെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ പണം വാങ്ങുന്നതിന് ഇടയിലാണ് കഴിഞ്ഞദിവസം രാത്രി കടവന്ത്രയില്‍ വച്ച് ജോസഫ് ആന്റണിയെയും ഏജന്റുമാരും പിടിയിലായത്.പലരില്‍ നിന്നും മുമ്പും ഇയാള്‍ പണം തട്ടിയെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇതില്‍ മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 2015ൽ വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി തട്ടിയ കേസില്‍ കമ്മീഷനായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതില്‍ ജോസഫ് ആന്റണിയെ കടവന്ത്ര പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ അടക്കം വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.



.gif)


0 Comments