വിവാഹത്തിന് വിസമ്മതിച്ചു; കാമുകനെ മുറിയിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊന്ന് യുവതി


വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പെയിന്റ്റിങ് തൊഴിലാളിയായ കാമുകനെ യുവതി കൊലപ്പെടുത്തി. സംഭവത്തിൽ 33-കാരിയായ അനിത എന്ന യുവതിയെ ഹരിയാനയിലെ ഫരീദാബാദിൽ പൊലീസ് അറസ്‌റ്റ് ചെയ. അനങ്പൂർ ഗ്രാമത്തിലെ വാടകമുറിയിൽ നിന്ന് യുവാവിൻ്റെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. മധ്യപ്രദേശിലെ രേവ ജില്ലക്കാരിയായ അനിതയെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. സദാഖത് എന്ന യുവാവിനോട് താൻ നിരന്തരം വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നും എന്നാൽ ഇയാൾ അത് നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ അനിത സമ്മതിച്ചു. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ജൂലൈ 25-നാണ് അനിത സദാഖതിനെ തൻ്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയത്. അർധരാത്രിയിൽ ഇയാൾ മദ്യപിച്ച് ഉറങ്ങിയ സമയം നോക്കി അനിത കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മുറി പുറത്തുനിന്ന് പൂട്ടി ഇവർ കടന്നുകളഞ്ഞു. ഫരീദാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് അനിതയും സദാഖതും ജോലി ചെയ്തിരുന്നത്. സദാഖത് പെയിൻ്റിങ് തൊഴിലാളിയും അനിത ശുചീകരണ തൊഴിലാളിയുമായിരുന്നു. ഇരുവരും മുൻപ് വിവാഹിതരായവരാണ്. അനിതയെ ഭർത്താവ് ഉപേക്ഷിച്ചതായിരുന്നു. മുൻപ് അനങ്പൂർ ഗ്രാമത്തിൽ ഇരുവരും ഒരുമിച്ച് ഒരു മുറിയിലായിരുന്നു താമസം. എന്നാൽ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ വീട്ടുടമസ്‌ഥൻ മുറിയൊഴിയാൻ ആവശ്യപ്പെട്ടു. തുടർന്ന് 15 ദിവസം മുൻപ് അനങ്പൂരിലെ ഡോംക മൊഹല്ലയിൽ അനിത മറ്റൊരു മുറി വാടകയ്ക്കെടുത്തു. ഇവിടെ സദാഖത് സ്‌ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു. സദാഖതിന്റെ സഹോദരൻ നസാകത് അലിയാണ് അനിതയ്‌ക്കെതിരെ സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകിയത്. ജൂലൈ 23-ന് അലിഗഡിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സദാഖത് പിന്നീട് തിരിച്ചെത്തിയില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പരാതിയിൽ പറയുന്നു. അനിതയോട് ചോദിച്ചപ്പോൾ സദാഖത് അവിടെ വന്നിട്ടില്ലെന്നാണ് ഇവർ പറഞ്ഞത്. വ്യാഴാഴ്‌ചയാണ് ഡോംക മൊഹല്ലയിലെ വാടകമുറിയിൽ മൃതദേഹമുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയാണ് കൊല്ലപ്പെട്ട സദാഖത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നസാകതിന്റെ പരാതിയിൽ സൂരജ്‌കുണ്ഡ് പൊലീസ് സ്‌റ്റേഷനിൽ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്‌റ്റർ ചെയ്യുകയും വെള്ളിയാഴ്‌ച രാത്രി അനിതയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ കേസ് തെളിയിക്കാൻ സാധിച്ചുവെന്നും പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും ഫരീദാബാദ് പൊലീസ് അറിയിച്ചു.



Post a Comment

0 Comments