മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ


മുത്തങ്ങ - വയനാട് ഡെയിലി: ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി മുഹമ്മദ് അൻസിൽ (21), വെള്ളമുണ്ട നാരോക്കടവ് സ്വദേശി സി.എസ്. അമൽ (33) എന്നിവർക്കൊപ്പമാണ് പ്രായപൂർത്തിയാകാത്ത ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വിഷ്ണുവിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലാണ് മാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെടുത്തത്. ജില്ലാ ലഹരിവിരുദ്ധ
സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അജികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, രാജു, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു
വരികയാണെന്നും ലഹരി കടത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.



Post a Comment

0 Comments