തകർന്ന ആനയടി പാലത്തിനു പകരം താൽക്കാലിക ബെയ്‌ലി പാലം അടിയന്തരമായി നിർമ്മിക്കണം: കെ. സുധാകരൻ എം.പി


കണ്ണൂർ: കാലവർഷത്തിൽ പയ്യാവൂർ ചന്ദനക്കാംപാറയിലെ തകർന്ന ആനയടി പാലത്തിന് പകരം ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി അടിയന്തരമായി താൽക്കാലിക ബെയ്‌ലി പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു.

കനത്ത മഴയിലും ശക്തമായ മിന്നൽപ്രളയത്തിലും ആനയടി  പാലം പൂർണ്ണമായി തകർന്നതോടെ പ്രദേശത്തെ നിരവധി ഗ്രാമങ്ങളും നൂറുകണക്കിന് കുടുംബങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്കും അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്കും ദിവസവേതന തൊഴിലാളികൾക്കും ഉൾപ്പെടെ സാധാരണ യാത്ര സാധ്യമാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി.

പാലത്തിന്റെ സ്ഥിരമായ പുനർനിർമാണത്തിന് സംസ്ഥാന സർക്കാർ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. എന്നാൽ രൂപകൽപ്പന, അനുമതികൾ, നിർമ്മാണം തുടങ്ങിയ നടപടികൾ പൂർത്തിയാക്കാൻ ഗണ്യമായ സമയം വേണ്ടിവരും. മലമ്പ്രദേശവും പ്രതികൂലമായ കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് അടിയന്തരമായി ബദൽ ഗതാഗത സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണെന്നും എം.പി വ്യക്തമാക്കി.

ഈ മാനുഷിക അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്ത്യൻ സൈന്യത്തെയോ ബോർഡർ റോഡ്സ് ഓർഗനൈസേഷനെയോ (BRO) ഉപയോഗപ്പെടുത്തി ആനയടി പാലം തകർന്ന സ്ഥലത്ത് അടിയന്തരമായി എഞ്ചിനീയറിംഗ് സംഘത്തെ നിയോഗിച്ച് താൽക്കാലിക ബെയ്‌ലി പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന്  കേന്ദ്ര പ്രതിരോധ മന്ത്രിയോട് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു.

താൽക്കാലിക ബെയ്‌ലി പാലം യാഥാർഥ്യമാകുന്നതോടെ ആയിരക്കണക്കിന് ദുരിതബാധിതരായ പ്രദേശവാസികൾക്ക് അടിസ്ഥാന ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാനും സ്ഥിരമായ പാലം നിർമ്മിക്കുന്നതുവരെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാനും സാധിക്കുമെന്ന് എം.പി പറഞ്ഞു.



Post a Comment

0 Comments