തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥയെ തുടർന്ന് രോഗി മരിച്ചതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) യാണ് മരിച്ചത് . പക്ഷാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ കട്ടിലിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത് .ഈ മാസം 26നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ 29 ന് കട്ടിലിൽ നിന്ന് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കണ്ണിനും സാരമായി പരുക്കേറ്റിരുന്നു. അതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള പിന്നീട് സംസാരിക്കാതെയായി.അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റുകയോ വിദഗ്‌ധ ചികിത്സ നൽകുകയോ ചെയ്തില്ല. കട്ടിൽ നിന്ന് വീണ് തല മുറിഞ്ഞപ്പോൾ സ്റ്റിച്ചിട്ടത് അതേ ബെഡിൽ വെച്ചാണെന്നും സ്ട്രോക് വരാൻ സാധ്യതയുള്ള രോഗികൾക്ക് നൽകേണ്ട ഹാൻഡ് റെയിലുള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ ഇത്തരത്തിൽ വീഴ്ച് ഉണ്ടാവില്ലായിരുന്നു എന്നും സുകുമാരപ്പിള്ളയുടെ മകൻ പറഞ്ഞു.
രോഗിയെ റഫർ ചെയ്ത പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് തന്നെ വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യത അറിയിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. അതേസമയം, വീഴ്ച ഉണ്ടായിട്ടില്ലെന്നും ഹാൻഡ്റെയിലുള്ള കട്ടിലുകൾ ഒഴിവുണ്ടായിരുന്നില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം.
രോഗിയുടെ മരണത്തിൽ വീഴ്ച ഉണ്ടായിട്ടില്ല.രോഗിക്ക് ഒപ്പം രണ്ട് ബന്ധുക്കൾ ഉണ്ടായിരുന്നു. ഇവർ ഒപ്പമില്ലാത്ത സമയത്താണ് രോഗി വീണത്. ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്.അതുകൊണ്ടാണ് നൽകാതിരുന്നത്. വീണ ഉടൻ തന്നെ രോഗിക്ക് ചികിത്സ നൽകി. രോഗിയെ ഐസിയുവിലേക്ക് മാറ്റണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നുമാണ് മെഡിക്കൽ കോളജിന്റെ വിശദീകരണം.


.gif)


0 Comments